കോങ്ങാട് പന്തളം സുധാകരനും ചിറയന്‍കീഴ് കെ അജിത് കുമാറും മത്സരിക്കും
അഞ്ച് സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ കൂടി ധാരണയായി.
സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി ഉമ്മന്‍ചാണ്ടിയും വിഎം സുധീരനും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെ 5 മണ്ഡലത്തിലെ സ്ഥാനാര്‍ഥികളെക്കൂടി കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റി തീരുമാനിച്ചു.
പാറശാല, കോങ്ങാട്, കോഴിക്കോട് നോര്‍ത്ത്, റാന്നി, ഒറ്റപ്പാലം മണ്ഡലങ്ങളിലാണ് ധാരണയായത്. തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് നേതാക്കള്‍ ഒറ്റക്കൊറ്റക്ക് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. 54 സീറ്റുകളിലാണ് ഇതുവരെ സ്ക്രീനിങ് കമ്മിറ്റിയില്‍ ധാരണയായത്. ഇന്ന് നടന്ന ചര്‍ച്ചയില്‍ അഞ്ച് സീറ്റുകളില്‍ തീരുമനമായി. തര്‍ക്കമണ്ഡലങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന പാറശ്ശാലയില്‍ സിറ്റിങ് എംഎല്‍എ എടി ജോര്‍ജ് തന്നെ മത്സരിക്കും.
കോങ്ങാട് പന്തളം സുധാകരന്‍, കോഴിക്കോട് നോര്‍ത്തില്‍ പി എം സുരേഷ് ബാബു, ചിറയിന്‍കീഴില്‍ കെ അജിത്കുമാര്‍, റാന്നിയില്‍ മറിയാമ്മ ചെറിയാന്‍, ഒറ്റപ്പാലത്ത് ശാന്താ ജയറാം എന്നിവരെയും മത്സരിപ്പിക്കാന്‍ തീരുമാനമായി. 30ഓളം മണ്ഡലങ്ങളാണ് ഇനി അവശേഷിക്കുന്നത്. ഇതില്‍ വിഎം സുധീരനും ഉമ്മന്‍ചാണ്ടിയും തമ്മില്‍ തര്‍ക്കം തുടരുന്ന നാല് സീറ്റൊഴികെയുള്ള മണ്ഡലങ്ങളാണ് സ്ക്രീനിങ് കമ്മിറ്റി ചര്‍ച്ച ചെയ്യുന്നത്.
കൊച്ചി , കായംകുളം, നിലമ്പൂര്‍ അടക്കം 10ഓളം സീറ്റില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് പാനല്‍ സമര്‍പ്പിക്കും. എ, ഐ ഗ്രൂപ്പുകളും വിഎം സുധീരന്‍ നിര്‍ദേശിക്കുന്ന പേരുകളുമായിരിക്കും പാനലായി അവതരിപ്പിക്കുക. തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ ഉമ്മന്‍ചാണ്ടിയും സുധീരനും രമേശ് ചെന്നിത്തലയും സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. വിട്ടുവീഴ്ചക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട ചെന്നിത്തലയുമായി എ ഗ്രൂപ്പ് നേതാക്കള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വാക്കേറ്റമുണ്ടായതായാണ് വിവരം. രാവിലെ മുതല്‍ തുടരുന്ന ചര്‍ച്ചകളില്‍ ഇരുനേതാക്കളും ഇതുവരെ വിട്ടുവീഴ്ചക്ക് തയാറായിട്ടില്ല.