ചീഫ് സെക്രട്ടറിയുടെ രേഖാമൂലമുള്ള മറുപടിക്ക് ഫേസബുക്ക് പോസ്റ്റുമായി എന്‍. പ്രശാന്ത്
തന്റെ ആവശ്യത്തെ വിചിത്രം എന്ന് വിശേഷിപ്പിച്ചതാണ് ഏറ്റവും വിചിത്രമെന്ന് എന്‍. പ്രശാന്ത് പറഞ്ഞു


തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ രേഖാമൂലമുള്ള മറുപടിക്ക് ഫേസബുക്ക് പോസ്റ്റുമായി എന്‍. പ്രശാന്ത്. തന്റെ ആവശ്യത്തെ വിചിത്രം എന്ന് വിശേഷിപ്പിച്ചതാണ് ഏറ്റവും വിചിത്രമെന്ന് എന്‍. പ്രശാന്ത് പറഞ്ഞു.
കോടതി നടപടികളുംസര്‍ക്കാര്‍ മീറ്റിങ്ങുകളും ലൈവ് സ്ട്രീം ചെയ്യുന്നു. മറച്ചുവെക്കുന്നത് എന്തിനെന്നാണ് സാമാന്യ ബുദ്ധിയുള്ളവർ ചോദിക്കുക. മടിയിൽ കനമില്ലാത്തവർ ഭയക്കുന്നതാണ് വിചിത്രമെന്നും പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം:
വിചിത്രം ഇവിടത്തെ മാധ്യമ പ്രവർത്തനമാണ്.മാധ്യമ പ്രവർത്തകർ എന്നവകാശപ്പെടുന്ന ഇവരിൽ പലർക്കും അധികാരസ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥരുമായി ചേർന്ന് പല താൽപര്യങ്ങളുമുണ്ട്. ഒരു IAS ഉദ്യോഗസ്ഥൻ ഒപ്പമിരുത്തി മദ്യം സേവിച്ചാലോ, മറ്റൊരുദ്യോഗസ്ഥ ചിരിച്ച് കൂടെ ആടാനും പാടാനും കൂടിയാലോ രോമാഞ്ചപ്പെട്ട് മോഹാലസ്യപ്പെട്ട് പോകുന്ന മാധ്യമ ധർമ്മം മാത്രമേ പല 'തീപ്പൊരികൾക്കും' ഉള്ളൂ.
ഈ കേസിൽ മാതൃഭൂമി പത്രത്തിലെ ചിലർ ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുമുണ്ട്. കോടികളുടെ പ്രസ് ക്ലബ് അഴിമതിക്കേസ് ഫയൽ ഫിനാൻസ് സെക്രട്ടറി ഡോ.ജയതിലകിന്റെ കൈവശമാണ് എന്നതും ഓർക്കുക. (പ്രമുഖ പത്രപ്രവർത്തകർ ഉൾപ്പെട്ട പ്രസ് ക്ലബ് അഴിമതിക്കേസ് എന്താണെന്ന് പോലും പൊതുജനങ്ങൾക്ക് അറിയില്ല- മാധ്യമങ്ങൾ അറിയിക്കില്ല!)
"വിചിത്രമായ ആവശ്യം" എന്ന വാക്ക് ഏറെക്കുറേ എല്ലാ മാധ്യമങ്ങളും ഒരുപോലെ ഉപയോഗിച്ചു എന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. അതായത് ഒരേ PR കമ്പനിയിൽ നിന്ന് തന്നെയാണ് ഈ 'വിചിത്ര' വാർത്തകൾ ചമയ്ക്കപ്പെടുന്നത്.
രേഖകളെ അടിസ്ഥാനപ്പെടുത്താതെ 'വേണ്ടപ്പെട്ടവർ’ കാതോരം മൊഴിയുന്നത് വാർത്തയാക്കുന്ന മാധ്യമ പ്രവർത്തകർക്കും PR കമ്പനിക്കും വളരെ വിചിത്രമായി തോന്നാവുന്ന ചില കാര്യങ്ങൾ കൂടി പങ്ക് വെക്കട്ടെ.
1. അടിമത്തം നിരോധിച്ചു.
2. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു.
3. ഭരണഘടന നിലവിൽ വന്നു.
4. വിവരാവകാശ നിയമം പാസ്സായി.
ലോകം ഏറെ മാറിപ്പോയി. സ്വകാര്യമായ കേസുകൾ കോടതി ഹിയറിംഗ് നടത്തുന്നത് open court ലാണ്. ഇന്ന് കോടതികൾ സ്റ്റ്രീം ചെയ്യുന്നു. വിവരാവകാശ പ്രകാരം എല്ലാ വിവരങ്ങളും പൊതുജനത്തിനറിയാൻ അവകാശമുണ്ട് എന്നതും ഓർക്കുക. സർക്കാർ മീറ്റിങ്ങുകൾ ലൈവ് സ്റ്റ്രീം ചെയ്ത് പൊതുജനം അറിയാൻ കൃഷിവകുപ്പ് VELICHAM എന്ന പ്രോജക്റ്റിന് അംഗീകാരം നൽകി 7.08.2024 ൽ ഉത്തരവിറങ്ങി. സുതാര്യത എന്ന പ്രഖ്യാപിത സർക്കാർ നയമാണോ വിചിത്രം? മറച്ച് വെക്കുന്നത് എന്തിന് എന്നാണ് സാമാന്യബുദ്ധിയുള്ളവർ ചോദിക്കുക;
സുതാര്യത എന്തിന് എന്ന ചോദ്യമാണ് വിചിത്രം. അന്യായത്തിനെതിരേ ശബ്ദിക്കുന്ന ഇരയെ അഹങ്കാരിയായി മുദ്ര കുത്തി കല്ലെറിയാൻ അധികാരം കയ്യാളുന്നവരെ സഹായിക്കുന്നതാണ് വിചിത്രം. മടിയിൽ കനമില്ലാത്തവർ ഭയക്കുന്നതാണ് വിചിത്രം.