ജില്ലയിലെ തോല്‍വി വിലയിരുത്തി പാലക്കാട് കെപിസിസി സിറ്റിംഗ്
ഇറക്കുമതി സ്ഥാനാര്‍ഥികള്‍ ഒരു നേട്ടവും ഉണ്ടാക്കിയില്ലെന്ന വിമര്‍ശവും ഉയര്‍ന്നു
മലമ്പുഴ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് പോയെന്ന് പാലക്കാട് കെപിസിസി സിറ്റിങ്ങില്‍ പരാതി. ഇറക്കുമതി സ്ഥാനാര്‍ഥികളെ ഇനി അനുവദിക്കരുത് എന്ന ആക്ഷേപവും ഉയര്‍ന്ന. പൊതു പരിപാടികളിള്‍ ബിജെപിയെ കൂടുതല്‍ ആക്രമിക്കാതിരുന്നത് ചില മണ്ഡലങ്ങളില്‍ തോല്‍വിയുടെ ആഴം കൂട്ടിയെന്നും വിമര്‍ശമുണ്ട്.
മലമ്പുഴയില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോയത് സിറ്റിങ്ങിലെ പ്രധാന വിഷയങ്ങളിലൊന്നായി. പാലക്കാട്ടുകാരനായൊരു സ്ഥാനാര്‍ഥി മത്സരിക്കുകയായിരുന്നുവെങ്കില്‍ മെച്ചപ്പെട്ടൊരു പ്രകടനം കാഴ്ചവെക്കാമായിരുന്നുവെന്നും വോട്ടുചോര്‍ച്ചയെകുറിച്ച് അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നു. പൊതുപരിപാടികളിള്‍ ബിജെപിക്കെതിരെ മൃദുസമീപനമാണുണ്ടായത്.
ഷൊര്‍ണൂര്‍, നെന്മാറ, പട്ടാമ്പി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ നേരിട്ടെത്തി പരാതി ബോധിപ്പിച്ചു. പട്ടാമ്പിയില്‍ ഒരു ഡിസിസി സെക്രട്ടറിയുടെ പ്രവര്‍ത്തനം തോല്‍വിയുടെ ആക്കം കൂട്ടിയെന്നായിരുന്നു സിപി മുഹമ്മദിന്റെ ആക്ഷേപം. നെന്മാറയിലെ സ്ഥാനാര്‍ഥിയും സമാനമായ ആക്ഷേപം ഉന്നയിച്ചു.
ഷൊര്‍ണൂരില്‍ ഒരു വിഭാഗം പ്രാദേശിക നേതൃത്വത്തിനെതിരെ സ്ഥാനാര്‍ഥി സി.സംഗീത പരാതി എഴുതി നല്കി. പാലക്കാട്, കോങ്ങാട്, ആലത്തൂര്, ചിറ്റൂര് എന്നിവിടങ്ങളില് നിന്നും കാര്യമായ പ്രശ്നങ്ങള് ഉയര്‍ന്നുവന്നില്ല. ഇറക്കുമതി സ്ഥാനാര്‍ഥികള്‍ ഒരു നേട്ടവും ഉണ്ടാക്കിയില്ലെന്ന വിമര്‍ശവും ഉയര്‍ന്നു. ജനകീയരായ പ്രാദേശിക സ്ഥാനാര്‍ഥികള്‍ മത്സരിക്കുകയാണെങ്കില്‍ കൂടുതല്‍ ഒത്തിണക്കത്തോടെ പ്രവര്‍ത്തിക്കാമായിരുന്നു. ഒറ്റപ്പാലം സ്ഥാനാര്‍ഥി ഷാനിമോള് ഉസ്‍മാന്‍ തോല്‍വി സംബന്ധിച്ച വിലയിരുത്തല്‍ ദൂതന്‍ മുഖേന കൈമാറിയപ്പോള്‍ കോങ്ങാട് മണ്ഡലം സ്ഥാനാര്‍ഥി പന്തളം സുധാകരന്‍ എത്തിയില്ല.