ശബരിമലയിലെ തൊഴില്‍ തര്‍ക്കം; ചര്‍ച്ച ട്രാക്ടര്‍ ഉടമകള്‍ ബഹിഷ്കരിച്ചു

Update: 2017-03-07 13:12 GMT
Editor : Sithara
ശബരിമലയിലെ തൊഴില്‍ തര്‍ക്കം; ചര്‍ച്ച ട്രാക്ടര്‍ ഉടമകള്‍ ബഹിഷ്കരിച്ചു
Advertising

പ്രാദേശിക തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴിലവസരം നല്‍കണമെന്നും കൂലി വര്‍ധിപ്പിച്ച് നല്‍കണമെന്നുമാണ് ആവശ്യം

Full View

ശബരിമലയിലെ തൊഴില്‍ തര്‍ക്കം തുടരുന്നു. പ്രശ്നപരിഹാരത്തിന് ജില്ലാലേബര്‍ ഓഫീസര്‍ വിളിച്ച ചര്‍ച്ച ട്രാക്ടര്‍ ഉടമകള്‍ ബഹിഷ്കരിച്ചു. സന്നിധാനത്തേക്ക് കൊണ്ടുപോകുന്ന പൂജാ സാധനങ്ങള്‍ തടയില്ലെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ യോഗത്തില്‍ ഉറപ്പ് നല്‍കി. എന്നാല്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം തുടരാനാണ് സംയുക്ത തൊഴിലാ‌ളി യൂണിയന്റെ തീരുമാനം.

പ്രാദേശിക തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴിലവസരം നല്‍കണമെന്നും കൂലി വര്‍ധിപ്പിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്‍ ശബരിമലയില്‍ സമരം പ്രഖ്യാപിച്ചിരുന്നു. ഇതോടെ മുടങ്ങിയ ചരക്ക് നീക്കം പമ്പ പൊലീസ് ഇടപെട്ട് താല്‍കാലികമായി പുനസ്ഥാപിച്ചിരുന്നെങ്കിലും പൂര്‍ണ പ്രശ്നപരിഹാരമുണ്ടാക്കാനായിരുന്നില്ല. കരാര്‍ തൊഴിലാളികളെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി ആരോപിച്ച് ട്രാക്ടര്‍ ഉടമകള്‍ ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ച ചര്‍ച്ച ബഹിഷ്കരിച്ച‌തോടെ പ്രശ്നപരിഹാരത്തിനുള്ള സാധ്യത അടയുകയായിരുന്നു. ട്രേഡ്‌യൂണിയനുകള്‍ ആവശ്യപ്പെട്ട വേതന വര്‍ധനവും പ്രാദേശിക തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴിലവസരം നല്‍കണമെന്ന ആവശ്യവും കരാറുകാര്‍ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ശബരിമലയിലെ കരാറുകാരുകാരുടെ ലോബിയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് സംയുക്ത ട്രേഡ്‌യൂണിയന്‍ ആരോപിച്ചു.

തൊഴില്‍ തര്‍ക്കം തുടരുന്നതിനാല്‍ പമ്പയിലെയും സന്നിധാനത്തെയും ചരക്ക് നീക്കവും നിര്‍മാണ പ്രവൃത്തികളും പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രശ്നപരിഹാരത്തിനായി മുഴുവന്‍ തൊഴിലാളികളുടെയും കരാറുകാരുടെയും സംയുക്ത യോഗം നിലയ്ക്കലില്‍ വിളിച്ച് ചേര്‍ക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News