'ആനയില്ലെങ്കിൽ ആചാരങ്ങളില്ലാതാകുമോ? മതമില്ലാതാകുമോ?'; കടുപ്പിച്ച് ഹൈക്കോടതി
പരിഹാസ്യമായ വാദങ്ങളാണ് ആന എഴുന്നള്ളിപ്പിനുവേണ്ടി ഉന്നയിക്കുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി
കൊച്ചി: ആന എഴുന്നള്ളിപ്പിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ആനയില്ലെങ്കിൽ ആചാരങ്ങളില്ലാതാകുമോ? മതമില്ലാതാകുമോ? എന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ചോദ്യം. എഴുന്നള്ളിപ്പിൽ കുറഞ്ഞത് മൂന്ന് മീറ്റർ അകലമെങ്കിലും പാലിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ആനകളുടെ സുരക്ഷിതത്വം കർശനമായി പാലിക്കണം. പരിഹാസ്യമായ വാദങ്ങളാണ് ആന എഴുന്നള്ളിപ്പിന് വേണ്ടി ഉന്നയിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപെട്ട് ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ് പരാമർശങ്ങൾ.
കുട്ടികളെപോലെ സംരക്ഷിക്കേണ്ടതാണ് ആനകളെ. ആകെ ആനകളുടെ 35 ശതമാനവും ഇല്ലാതായി. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ആനകള്‍ ഇല്ലാതാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ആനപ്രേമികളെയും ഹൈക്കോടതി വിമർശിച്ചു. ചങ്ങലയില്‍ ബന്ധിക്കപ്പെട്ട ആനകളെ കണ്ടാണോ ആസ്വദിക്കുന്നതെന്നാണ് കോടതിയുടെ ചോദ്യം.
തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ 22 മീറ്ററിനുള്ളില്‍ എത്ര ആനകളെ അണിനിരത്താനാകും? മതിയായ സ്ഥലമുണ്ടെങ്കിലേ എല്ലാ ആനകളെയും എഴുന്നള്ളിക്കാനാവൂവെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആനകള്‍ തമ്മിലുള്ള അകലം കുറവെങ്കില്‍ ആനകള്‍ അസ്വസ്ഥരാകുമെന്ന് വിദഗ്ധന്‍ ഹൈക്കോടതിയിൽ വ്യക്തമാക്കി. മൂന്ന് മീറ്റര്‍ അകലം ഉത്തമമെന്നും ഡോ. പിഎസ് ഈസ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ഗോപിനാഥ്.പി എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ചോദ്യങ്ങൾ ഉന്നയിച്ചത്.