കേരളാ സോപ്സ് ഉല്‍പ്പന്നങ്ങള്‍ ഇനി വീടുകളിലെത്തും
കേരളാ സോപ്സ് ഉല്‍പ്പന്നങ്ങള്‍ ഇനി ഉപഭോക്തക്കളെ തേടി വീടുകളിലെത്തും
പൊതുമേഖലാ സ്ഥാപനമായ കേരളാ സോപ്സ് വിപണി കീഴടക്കാന്‍ പുതിയ തന്ത്രങ്ങള്‍ തേടുന്നു. സ്ത്രീകളെ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ വീടുകളിലെത്തിക്കാനുള്ള പദ്ധതിക്ക് ഉടന്‍ തുടക്കമാകും. ഇതിലൂടെ ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്താനുള്ള ശ്രമത്തിലാണ് കേരളാ സോപ്സ്.
കേരളാ സോപ്സ് ഉല്‍പ്പന്നങ്ങള്‍ ഇനി ഉപഭോക്തക്കളെ തേടി വീടുകളിലെത്തും. തൊഴില്‍ രഹിതരായ സ്ത്രീകളെ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി വിറ്റഴിക്കാനുള്ള പദ്ധതിക്കാണ് കമ്പനി ഒരുങ്ങുന്നത്. ഓണത്തിനു മുമ്പ് തന്നെ പദ്ധതിക്ക് തുടക്കമാകും. ഇതിലൂടെ വലിയൊരു വിഭാഗം സ്ത്രീകള്‍ക്കും പുതിയ തൊഴില്‍ മേഖല കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി അധികൃതര്‍.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പുകള്‍ വഴി ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള പദ്ധതിക്ക് ഒരു മാസം മുമ്പാണ് തുടക്കം കുറിച്ചത്. കോഫീ ഹൌസുകള്‍ വഴിയുള്ള വിപണനം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ സാമ്പത്തിക വര്‍ഷം മികച്ച നേട്ടമാണ് കമ്പനിയുണ്ടാക്കിയിരിക്കുന്നത്. ഇതിനു പുറമേ മല്യേഷയിലേക്കും ഇതാദ്യമായി ഉല്‍പ്പന്നങ്ങള്‍ കയറ്റിയയക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. പഴയകാല പ്രതാപത്തിലേക്ക് കമ്പനിയെ മാറ്റിയെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.