നേതാക്കളെ അറസ്റ്റ് ചെയ്തു; കോണ്‍ഗ്രസിന്റെ ജനാധിപത്യസംരക്ഷണ റാലിക്കിടെ പ്രതിഷേധം
കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയും ഉപാധ്യക്ഷ്യന്‍ രാഹുല്‍ ഗാന്ധിയും മാര്‍ച്ചിന് നേതൃത്വം നല്‍കി
ബിജെപി സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ പരിപാടികള്‍ക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നിരോധന ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു മാര്‍ച്ചിന് നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തവരെ അല്‍പ്പ സമയത്തിനുശേഷം വിട്ടയച്ചു.
ബിജെപി സര്‍ക്കാറിന്റെ ജനാധിപത്യവിരുദ്ധ നടപടികള്‍ക്കും ജനാധിപത്യ അട്ടിമറിക്കെതിരെയുമാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹി ജന്ദര്‍മമന്തറില്‍ ജനാധിപത്യ സംരക്ഷണ ധര്‍ണ്ണയും പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചത്.
ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ജനാധിപത്യത്തെ അടിച്ചമര്‍ത്തുകയാണ് മോദി ഭരണമെന്നും പ്രതിഷേധ പരിപാടിയില്‍ സംസാരിക്കവെ സോണിയ പറഞ്ഞു.
തുടര്‍ന്ന് നടന്ന പാര്‍ലമെന്റ് മാര്‍ച്ച് ആരംഭിച്ച് അല്‍പ്പ സമയത്തിനകം തന്നെ പോലീസ് തടഞ്ഞു. റാലിക്ക് നേതൃത്വം നല്‍കിയ പ്രസിഡന്റ് സോണിയാ ഗാന്ധി, വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, നേതാക്കളായ മന്‍മോഹന്‍ സിങ്, എ.കെ ആന്റണി, ഗുലാം നബി ആസാദ് എന്നിവരെ നിരോധന ഉത്തരവ് ലംഘിച്ചെന്ന കാരണത്താല്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായവരെ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും അല്‍പ്പ സമയത്തിനകം വിട്ടു.
നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. ബാരിക്കേഡുകള്‍ തകര്‍ക്കുകയും പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും ഉണ്ടായി.
ഡല്‍ഹിക്ക് പുറമെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരടക്കം പ്രവര്‍ത്തകരുടെ വലിയ നിരതന്നെ പ്രതിഷേധ റാലിക്കെത്തിയിരുന്നു.