ശബരിമലയില്‍ ദ്രുതകര്‍മസേനയുടെ സുരക്ഷ വര്‍ധിപ്പിച്ചു
നിലയ്ക്കല്‍ മുതല്‍ പാണ്ടിത്താവളം വരെയുള്ള ഭാഗങ്ങളിലേയ്ക്കാണ് സേനയെ വിന്യസിച്ചിട്ടുള്ളത്.
ശബരിമലയില്‍ ദ്രുതകര്‍മസേനയുടെ സുരക്ഷ വര്‍ധിപ്പിച്ചു. നിലയ്ക്കല്‍ മുതല്‍ പാണ്ടിത്താവളം വരെയുള്ള ഭാഗങ്ങളിലേയ്ക്കാണ് സേനയെ വിന്യസിച്ചിട്ടുള്ളത്. ആദ്യമായാണ് ശബരിമലയില്‍ കേന്ദ്രസേനയെ ഇത്രയധികം മേഖലകളില്‍ വിന്യസിക്കുന്നത്.
120 പേരടങ്ങുന്ന ഒരു കമ്പനി സേനയാണ് സന്നിധാനത്ത് പതിവായി സേവനത്തിനെത്താറ്. ഇത്തവണ ആദ്യഘട്ടത്തില്‍ ഒരു കമ്പനിയും പിന്നീട് ഒരു കമ്പനിയെയും കൂടി എത്തിച്ചു. 250 പേരാണ് നിലവില്‍ സന്നിധാനത്തുള്ളത്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ സുരക്ഷ നിര്‍ദേശത്തിനൊപ്പം കേരളത്തിലുണ്ടായ മാവോയിസ്റ്റ് സംഘട്ടനം കൂടി കണക്കിലെടുത്താണ് സുരക്ഷ വര്‍ധിപ്പിച്ചത്.
നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലായി ഒരു പ്ലാറ്റൂണ്‍ സേനയെ വിന്യസിച്ചു. മരക്കൂട്ടം, വലിയ നടപ്പന്തല്‍ എന്നിവിടങ്ങളിലെ ഓരോ പോയിന്റുകളിലും പാണ്ടിത്താവളത്തെ രണ്ടു പോയിന്റുകളിലും സേനയുണ്ട്. പാണ്ടിത്താവളത്തെ ജലസംഭരണികള്‍ക്ക് പ്രത്യേക സുരക്ഷയും ഒരുക്കിയിട്ടുണ്ട്. സോപാനത്ത് ഒന്‍പതു പേരായിരുന്നു സേവനത്തില്‍ ഉണ്ടായിരുന്നത്. ഇത് പതിമൂന്നായി വര്‍ധിപ്പിച്ചു. കൂടാതെ, തിരക്ക് വര്‍ധിക്കുന്ന സാഹചര്യങ്ങളില്‍ പ്രത്യേക പോയിന്റുകളില്‍ കൂടി സേനയെ വിന്യസിയ്ക്കും. സന്നിധാനത്തുള്ള ദ്രുതകര്‍മസേനയ്ക്കായി ആധുനിക ആയുധങ്ങള്‍ കൂടി എത്തുമെന്നും സൂചനയുണ്ട്.