കാസര്‍കോട്ടെ സിപിഎം വിമതരില്‍ ഒരു വിഭാഗം സിപിഐയിലേക്ക്
ബേഡകത്ത് സിപിഎം കെട്ടിപടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച പി ഗോപാലന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ 300 ഒാളം പേരാണ് സിപിഐയില്‍ ചേരുന്നത്.
കാസര്‍കോട് ജില്ലയില്‍ സിപിഎം വിമതരില്‍ ഒരു വിഭാഗം സിപിഐയിലേക്ക്. ബേഡകത്ത് സിപിഎം കെട്ടിപടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച പി ഗോപാലന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ 300 ഒാളം പേരാണ് സിപിഐയില്‍ ചേരുന്നത്.
വര്‍ഷങ്ങളായി ബേഡകത്ത് പ്രാദേശിക സിപിഎം നേതൃത്വവുമായി ഭിന്നതയില്‍ കഴിയുന്ന ഒരു വിഭാഗം ഉള്‍പ്പെടെ ജില്ലയിലെ വിവിധ മേഖലകളിലുള്ള വിമതരാണ് സിപിഐയില്‍ ചേരാന്‍ നീക്കം നടത്തുന്നത്. നിയസഭാ തെരഞ്ഞെടുപ്പിന് ശേഷം അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാം എന്ന് ജില്ലാ നേതൃത്വം ഇവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പില്‍ സഹായിച്ചാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാം എന്നായിരുന്നു നേതൃത്വത്തിന്‍റെ വാഗ്ദാനം.
ഉദുമ ഏരിയാ കമ്മറ്റി വിഭജിച്ച് ബേഡകം ഏരിയാ കമ്മറ്റി രൂപീകരിച്ചതോടെയാണ് പ്രദേശത്ത് വിമത നീക്കം ശക്തമായത്. ഏരിയാ കമ്മറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് പി ഗോപാലന്‍ മാസ്റ്റര്‍ ജയിച്ചതോടെയാണ് വിഭാഗീയതയുടെ തുടക്കം. തുടര്‍ന്ന് നടന്ന ഏരിയാ സമ്മേളനത്തില്‍ ഗോപാലന്‍ മാസ്റ്ററെ അനുകൂലിക്കുന്ന പക്ഷത്തെ മറുവിഭാഗം പരാജയപ്പെടുത്തി.
തുടര്‍ന്ന് വിഭാഗീയത രൂക്ഷമായതോടെ ഗോപാലന്‍ മാസ്റ്റര്‍ അടക്കമുള്ള നേതാക്കളെ സംസ്ഥാന കമ്മറ്റി തരംതാഴ്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം വിമത വിഭാഗത്തിന് എതിരെ ജില്ലാ കമ്മറ്റി കീഴ്ഘടകങ്ങള്‍ക്ക് റിപ്പോര്‍ട്ട് അയച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ കൂടിയാണ് സിപിഐയിലേക്ക് പോകാനുള്ള വിമത നീക്കമെന്നാണ് സൂചന.