ആര്‍ത്തവമാണോ സ്ത്രീശുദ്ധിയുടെ അളവുകോല്‍? സുപ്രീംകോടതി

Update: 2017-06-21 04:52 GMT
Editor : admin
ആര്‍ത്തവമാണോ സ്ത്രീശുദ്ധിയുടെ അളവുകോല്‍? സുപ്രീംകോടതി
Advertising

ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് നിലപാട് സുപ്രിംകോടതിയെ അറിയിച്ചു.

ജീവശാസ്ത്രപരമായ കാര്യങ്ങള്‍ പറഞ്ഞ് വിവേചനങ്ങളെ ന്യായീകരിക്കാനാവില്ലെന്ന് ശബരിമല കേസ് പരിഗണക്കവേ സുപ്രീം കോടതി. ദേവസ്വം ബോര്‍ഡ് തരം തിരിവ് ഉണ്ടാക്കുകയാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ വിലക്ക് ഹിന്ദുമതത്തില്‍ മാത്രമല്ലെന്നും ശബരിമലയിലെത്തുന്ന സ്ത്രീകളെ വന്യമൃഗങ്ങള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ പറഞ്ഞു. കേസ് മെയ് 2ന് വീണ്ടും പരിഗണിക്കും.

ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ശബരിമല കേസ് പരിഗണിക്കുന്നത്. ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശനത്തിലെ വിവേചനം ഹിന്ദുമതത്തില്‍ മാത്രമല്ലെന്നും ഇത് മറ്റ് മതങ്ങളിലും നിലനില്‍ക്കുന്നുണ്ടെന്ന വാദമാണ് ദേവസ്വം ബോര്‍ഡ് ഇന്ന് കോടതിയില്‍ ഉയര്‍ത്തിയത്. ഇത്തരം വിലക്കുകള്‍ ഭരണഘടന അനുവദിക്കുന്നുണ്ട്. മറ്റ് അയ്യപ്പ ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ട്. ശബരിമലയില്‍ 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് മാത്രമാണ് വിലക്കുള്ളതെന്നും ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ വാദിച്ചു.

എന്നാല്‍ നിങ്ങള്‍ തരം തിരിവ് സൃഷ്ടിക്കുകയാണെന്ന നിരീക്ഷണമാണ് സുപ്രീംകോടതി നടത്തിയത്. ആര്‍ത്തവമാണോ സ്ത്രീ ശുദ്ധി അളക്കാനുള്ള അളവുകോല്‍, പുരുഷന്‍മാരുടെ ശുദ്ധി അളക്കാനുള്ള മാനദണ്ഡമെന്താണ്. വ്രതം എടുക്കാത്ത പുരുഷന്‍മാര്‍ക്ക് പ്രവേശനത്തിന് അനുവാദമുള്ള സ്ഥലങ്ങളിലേക്ക് സ്ത്രീകള്‍ക്ക് എന്തുകൊണ്ട് പ്രവേശനം അനുവദിക്കുന്നില്ല എന്നും കോടതി ചോദിച്ചു.

സ്ത്രീകളെ വന്യമൃഗങ്ങള്‍ ആക്രമിക്കാനുള്ള സാധ്യതയുണ്ടെന്ന വാദവും ദേവസ്വം ബോര്‍ഡ് ഉയര്‍ത്തിയിരുന്നു. എന്നാല്‍ ആരാധനക്കായി സ്വന്തം ഇഷ്ടപ്രകാരമെത്തുന്ന സ്ത്രീകളെ വന്യമൃഗങ്ങള്‍ ആക്രമിച്ചുകൊള്ളട്ടെ എന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. ശബരിമലയില്‍ സ്ത്രീ പ്രവേശനം തടയാനാവില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News