ഉമ്മന്‍ ചാണ്ടിയെ കാണാന്‍ ഉമ്മന്‍ ചാണ്ടിയെത്തി
മുഖ്യമന്ത്രി പദവും പ്രതിപക്ഷനേതൃസ്ഥാനവുമൊന്നുമില്ലെങ്കിലും ഉമ്മന്‍ചാണ്ടി തിരക്കിട്ട പരിപാടികളിലാണ്. അതുതന്നെയായിരുന്നു ശില്‍പിയായ ബേബി അലക്സ് നേരിട്ട വലിയ വെല്ലുവിളിയും.
ഉമ്മന്‍ ചാണ്ടിയെ കാണാന്‍ ഉമ്മന്‍ ചാണ്ടിയെത്തി. കോട്ടയം പാക്കില്‍ സ്വദേശിയായ ശില്‍പി ബേബി അലക്സ് രൂപം കൊടുത്ത മെഴുകുപ്രതിമയുടെ അനാഛാദന ചടങ്ങിനാണ് കോട്ടയം പ്രസ് ക്ലബില്‍ ഉമ്മന്‍ ചാണ്ടിയെത്തിയത്.
മുഖ്യമന്ത്രി പദവും പ്രതിപക്ഷനേതൃസ്ഥാനവുമൊന്നുമില്ലെങ്കിലും ഉമ്മന്‍ചാണ്ടി തിരക്കിട്ട പരിപാടികളിലാണ്. അതുതന്നെയായിരുന്നു ശില്‍പിയായ ബേബി അലക്സ് നേരിട്ട വലിയ വെല്ലുവിളിയും. നന്നായി അളവെടുക്കാന്‍പോലും ഉമ്മന്‍ചാണ്ടിയെ കിട്ടിയില്ല. ശില്‍പം പൂര്‍ത്തിയാക്കിയെന്ന് അറിയിച്ചപ്പോള്‍ അനാച്ഛാദന ചടങ്ങിലേക്ക് എത്താമെന്നുറപ്പുലഭിച്ചു. ചടങ്ങില്‍ നാടമുറിച്ചതോടെ കൌതുകത്തില്‍ തന്‍റെ പ്രതിരൂപം നോക്കി സൌമ്യമായ ചിരി. ഫോട്ടോഗ്രാഫര്‍മാര്‍ പ്രതിമയിലേക്ക് വീണ്ടും നോക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മുഖത്ത് ചെറിയ നാണം. ഷാളില്ലാത്ത ഓറിജിനല്‍ ഉമ്മന്‍ ചാണ്ടിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉടനടി ഷാളുമെത്തിച്ചു.
ഓരുമാസക്കാലമെടുത്താണ് മെഴുകുപ്രതിമ ബേബി അലക്സ് നിര്‍മ്മിച്ചത്. പ്രസിദ്ധമായ കീറിയ ഖദര്‍ഷര്‍ട്ടും ധരിപ്പിച്ചതോടെ ഉമ്മന്‍ചാണ്ടിയുടെ മെഴുകുപ്രതിമ പൂര്‍ണം. ബേബി അലക്സ് രൂപം കൊടുത്ത, മഹാത്മ ഗാന്ധിയും, മദര്‍ തെരേസയും, എ.പി.ജെ അബ്ദുള്‍ കലാമും ഓക്കെയുള്ള ഇന്ത്യയിലെ ആദ്യ വാക്സ് മ്യൂസിയമായ കന്യാകുമാരിയിലെ മായാപുരിയിലാകും ഓറിജിനലിനെ വെല്ലുന്ന ഉമ്മന്‍ചാണ്ടിയുടെ മെഴുകുപ്രതിമയുടെ സ്ഥാനം. സദാസമയം ഉമ്മന്‍ചാണ്ടിക്കൊപ്പമുള്ള പഴ്സണല്‍സ്റ്റാഫംഗം സുരേന്ദ്രനും മെഴുകുശില്‍പത്തിനൊപ്പം ഓരു സെല്‍ഫിയെടുത്താണ് മടങ്ങിയത്.