പാലക്കാട് ബിജെപിക്ക് വോട്ട് കുറഞ്ഞതിന് സിപിഎമ്മിന് എന്തിനാണ് സങ്കടം; വി.ഡി സതീശൻ

2021 ലെ വോട്ടർപട്ടികയെക്കാൾ 15,000 വോട്ടുകൾ പുതുതായി ചേർത്തിട്ടുണ്ട്. അതിൽ നിന്ന് ഒരു മൂവായിരം വോട്ടെങ്കിലും സിപിഎമ്മിന് കിട്ടേണ്ടതല്ലെ എന്നിട്ട് ആയിരം വോട്ട് പോലും കിട്ടിയിട്ടില്ല

Update: 2024-11-24 08:13 GMT
Advertising

തൃശൂർ: പാലക്കാട്ടെ കോൺ​ഗ്രസ് വിജയത്തിൽ ബിജെപിക്കും സിപിഎമ്മിനും ഒരേ നാവും ഒരേ ശബ്ദവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബിജെപിക്ക് വോട്ട് കുറഞ്ഞതിൽ സിപിഎമ്മിന് എന്താണിത്ര സങ്കടം. ബിജെപി സ്ഥാനാർഥിയായിരുന്ന ഇ.ശ്രീധരൻ 2021 ൽ നേടിയ അൻപതിനായിരം വോട്ട് ഇക്കുറി 39,000 ആയിക്കുറഞ്ഞു. ബിജെപിയുടെ വോട്ട് ഗണ്യമായിക്കുറഞ്ഞതിൽ അവരെക്കാൾ ഏറ്റവും കൂടുതൽ സങ്കടം സിപിഎമ്മിനാണ്. അന്ന് ശ്രീധരന് പോയ വോട്ടിൽ നല്ലൊരു ഭാഗം ഇക്കുറി രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടി.

എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്‍ലാമിയുടെയും വോട്ടാണോ ഇ. ശ്രീധരന് അന്ന് കിട്ടിയതെന്നാണ് ബിജെപിക്കാരോട് ചോദിക്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബി​ജെപിയുടെ വോട്ടിനെക്കാൾ കൂടുതൽ വോട്ട് അന്ന് ഇ.ശ്രീധരൻ പിടിച്ചു. അതിൽ നല്ലൊരുഭാഗം ഇക്കുറി രാഹുൽ തിരിച്ചുപിടിച്ചു. അതെങ്ങനെയാണ് എസ്ഡിപിയുടെ വോട്ടാകുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വോട്ട് വർദ്ധിപ്പിച്ചുവെന്നാണ് സിപിഎം അവകാശപ്പെടുന്നത്. 2021ലേക്കാൾ ഇക്കുറി സിപിഎമ്മിന് കൂടിയിരിക്കുന്നത് തൊള്ളായിരത്തോളം വോട്ടുകളാണ്, ആയിരം വോട്ട് പോലുമില്ല. അതുകൂടിയെന്ന് പറയാനാകില്ല. 2021 ലെ വോട്ടർപട്ടികയെക്കാൾ 15,000 വോട്ടുകൾ പുതുതായി ചേർത്തിട്ടുണ്ട്. അതിൽ നിന്ന് ഒരു മൂവായിരം വോട്ടെങ്കിലും സിപിഎമ്മിന് കിട്ടേണ്ടതല്ലെ, അതുപോലും കിട്ടിയിട്ടില്ല. അതിന്റെ അർത്ഥം സിപിഎമ്മിന്റെ വോട്ട് 2021 നെക്കാൾ താഴേക്ക് പോയെന്നാണെന്നും അദ്ദേഹം പറഞ്ഞു. പതിനെണ്ണായിരത്തിലേറെ വോട്ടുകൾക്ക് രാഹുൽ ജയിച്ചപ്പോൾ അത് എസ്ഡിപിഐയുടെയും വെൽഫെയർ പാർട്ടിയുടെയും വോട്ടുകളാണെന്ന് പറയുന്നത് എന്ത് ന്യായമാണ്. ജനങ്ങളെ അവഹേളിക്കുകയും അപമാനിക്കുകയാണ് അവർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

1996ൽ ദേശാഭിമാനി ജമാഅത്തെ ഇസ്ലാമിയെ സ്വാഗതം ചെയ്തുകൊണ്ട് ലേഖനം എഴുതിയിട്ടുണ്ട്, ജമാഅത്തെ ഇസ്ലാമിയുടെ ആസ്ഥാനത്ത് പോയത് പിണറായി വിജയനാണ് എന്നിട്ടിപ്പോൾ ജമാഅത്തെ ഇസ്‍ലാമി വർഗിയവാദികളാണെന്ന് സിപിഎം ആരോപിക്കുകയാണ്.

ബിജെപിയുടെ കൂടെ നിന്നുകൊണ്ടാണ് സിപിഎം ജമാഅത്തിനെതിരെ പറയുന്നത്. ഈ പ്രചരണങ്ങളൊക്കെ തകർന്നുപോയതാണ് പാലക്കാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചേലക്കരയിലെ പരാജയവും, വയനാട് പാലക്കാട് വിജയവും പരിശോധിക്കും. കോൺഗ്രസ് ജയിക്കുമെന്ന് കരുതിയ ആളാണ്.രമ്യ ഹരിദാസ് അവിടെ എംപിയായിരുന്ന ആളാണ്. തൃശൂരിലെ സംഘടനാ സംവിധാനത്തിലെ പാളിച്ചകൾ മുഴുവൻ പരിഹരിക്കും. ഒരു കൊല്ലം കൊണ്ട് തൃശൂരിനെ പഴയനിലയിലേക്ക് എത്തിക്കും. സന്ദീപ് വാര്യരെ പുറകിൽ നിർത്തില്ല മുന്നിൽ നിർത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News