നാട്ടകത്ത് റാഗിങിനിടെ ജാതീയ അധിക്ഷേപവുമെന്ന് വിദ്യാര്‍ഥികള്‍
പട്ടികജാതി, പട്ടികവര്‍ഗ കമ്മീഷന്‍റെ അന്വേഷണത്തിലാണ് ഇക്കാര്യം പുറത്ത് വന്നത്.
നാട്ടകം പോളിടെക്നിക് കോളജ് ഹോസ്റ്റലില്‍ റാഗിങിനിടെ ജാതീയ അധിക്ഷേപത്തിന് ഇരയായതായി വിദ്യാര്‍ഥികള്‍. പട്ടികജാതി, പട്ടികവര്‍ഗ കമ്മീഷന്‍റെ അന്വേഷണത്തിലാണ് ഇക്കാര്യം പുറത്ത് വന്നത്. റാഗിങിനിരയായ വിദ്യാര്‍ഥി അവിനാഷിന് പൊലീസ് സംരക്ഷണം ആവശ്യപ്പെടാനും കമ്മീഷന്‍ തീരുമാനിച്ചു.
പട്ടികജാതി, പട്ടിക വര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി എന്‍ വിജയകുമാറിന്‍റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് നാട്ടകം പോളിടെക്നിക് കോളജ് ഹോസ്റ്റലില്‍ റാഗിങ്ങിനിടെ ജാതീയ അധിക്ഷേപം നടന്നതായി കണ്ടെത്തിയത്. ഹോസ്റ്റലിലെ മെസ്സിലടക്കം ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുന്നത് പതിവായിട്ടും തടയാന്‍ വാര്‍ഡന്‍ അടക്കമുള്ളവര്‍ ശ്രമിച്ചില്ല. ഹോസ്റ്റലിലെ ട്യൂട്ടര്‍ റാഗിങ് നടന്ന ദിവസം അവിടെ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി.
തുടരന്വേഷണത്തിനായി അധികൃതരുടെയും മറ്റ് വിദ്യാര്‍ഥികളുടെയും മൊഴി കമ്മീഷന്‍ രേഖപ്പെടുത്തും. റാഗിങിനിരയായ അവിനാഷ് ഭയപ്പെട്ട് കഴിയുന്ന സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണം നല്‍കാന്‍ തീരുമാനിച്ചത്. ഇക്കാര്യം സിറ്റി പൊലീസ് കമ്മീഷണറോട് ആവശ്യപ്പെടും. തൃശൂര്‍ ജില്ലയിലെ പോളിടെക്നിക് കോളജില്‍ അവിനാഷിന്‌റെ തുടര്‍ പഠനം ഉറപ്പാക്കാന്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കാനും കമ്മീഷന്‍ തീരുമാനിച്ചു.