കാസര്‍കോട് തോട്ടം മേഖലകളില്‍ ഡെങ്കിപ്പനി
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കാത്തതാണ് പകര്‍ച്ചപ്പനിക്ക് കാരണം
കാസര്‍കോട് ജില്ലയുടെ മലയോര പഞ്ചായത്തുകളിലെ തോട്ടം മേഖലകളില്‍ ഡെങ്കിപ്പനി പടരുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതാണ് പകര്‍ച്ചപ്പനി പടരുന്നതിന് കാരണം. രോഗികളില്‍ കൂടുതല്‍ പേരും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നതിനാല്‍ പനി ബാധിതരുടെ എണ്ണത്തെ കുറിച്ച് അധികൃതര്‍ക്ക് വ്യക്തമായ കണക്കില്ല.
പനത്തടി, കള്ളാര്‍, കോടോം ബേളൂര്‍, കിനാനൂര്‍ കരിന്തളം, ഈസ്റ്റ് എളേരി, പെര്‍ള, മുളിയാര്‍ പഞ്ചായത്തുകളിലാണ് ഡെങ്കിപ്പനി പടരുന്നത്. കള്ളാര്‍ പഞ്ചായത്തിലെ ഗ്രാഡിപ്പള്ള ഗ്രാമത്തില്‍ മാത്രം 32 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ഇതില്‍ ഏഴു പേര്‍ ഇപ്പോഴും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കള്ളാറില്‍ പനി ബാധിച്ചു ചികിത്സയിലായിരുന്ന വീട്ടമ്മ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ഡെങ്കിപ്പനിക്കൊപ്പം മലയോരത്ത് മഞ്ഞപ്പിത്തവും പടരുന്നുണ്ട്. കാസര്‍കോട് ജില്ലയില്‍ ജനുവരി മുതല്‍ ഇതുവരെയായി 42980 പേര്‍ക്ക് പനിബാധിച്ചതായാണ് ജില്ലാ മെഡിക്കല്‍ ഒഫീസിലുള്ള കണക്ക്. ഇതില്‍ 2251 പേര്‍ക്ക് കടുത്ത പനി ബാധിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 229 ഡെങ്കിപ്പനി ലക്ഷണമുള്ള രോഗികളെ കണ്ടെത്തിയെന്നാണ് ഔദ്യോഗിക കണക്ക്. ജില്ലയില്‍ 48 പേര്‍ക്ക് ഡെങ്കിപ്പനിയും 51 പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ കണക്ക് ഇതിനേക്കാള്‍ ഏറെ കൂടുതലാണ്.
പനിബാധിതരില്‍ അധികവും ജില്ലയിലേയും മംഗളൂരുവിലെയും സ്വകാര്യ ആശുപത്രികളിലാണ് ചികിത്സക്കെത്തുന്നത്. ഇത് കാരണം പനിബാധിതരുടെ എണ്ണത്തെ കുറിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വ്യക്തമായ കണക്കില്ല. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കാത്തതാണ് പകര്‍ച്ചപ്പനിക്ക് കാരണം. ജില്ലയില്‍ മഴകനക്കുന്നതോടെ സ്ഥിതി നിയന്ത്രണാതീതമാകാനാണ് സാധ്യത.