'മുനമ്പത്തുനിന്ന് ആരെയും കുടിയിറക്കില്ല'; പരിഹാരത്തിനായി ജുഡീഷ്യൽ കമ്മീഷനെ നിയമിക്കും
തീരുമാനം മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍
തിരുവനന്തപുരം: വഖഫ് ഭൂമി തർക്കം പരിഹരിക്കുന്നതിനായി ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനം. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാൻ തീരുമാനമായത്. തർക്കത്തിൻ്റെ എല്ലാ വശവും വിശദമായി പരിശോധിച്ചെന്ന് പറഞ്ഞ സർക്കാർ സംഭവത്തിന്റെ ചരിത്ര പശ്ചാത്തലം നിയമവശങ്ങൾ ഹൈക്കോടതിയിലെ കേസുകൾ എന്നിവയും ചർച്ച ചെയ്തു. മൂന്നു മാസത്തിനകം കമ്മീഷൻ നടപടികൾ പൂർത്തീകരിക്കണം. അർഹരായവർക്കുള്ള നിയമപരമായ കൈവശാവകാശം സംരക്ഷിക്കാനുള്ള ശാശ്വത പരിഹാരം ഉണ്ടാകും.
ഒരു യോഗം കൊണ്ട് തീരുന്ന കാര്യമല്ല മുനമ്പത്തേതെന്ന് യോഗത്തിന് ശേഷം പറഞ്ഞ നിയമമന്ത്രി പി. രാജീവ് ശാശ്വതമായ പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കൂട്ടിച്ചേർത്തു. സമര സമിതിയോട് മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തുമെന്നും എടുത്ത തീരുമാനങ്ങൾ ബോധ്യപ്പെടുത്തുമെന്നും അദേഹം പറഞ്ഞു. തർക്കം രാഷ്ട്രീയ പ്രശ്‌നമല്ല മറിച്ച് നിയമപരമായ പ്രശ്‌നമാണെന്നതാണ് സർക്കാരിനെ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാനുള്ള തീരുമാനത്തിലെത്തിച്ചത്.
ആരെയും കുടിയൊഴിപ്പിക്കാൻ നോട്ടീസ് നൽകിയിട്ടില്ലെന്ന് പറഞ്ഞ വഖഫ് വകുപ്പ് മന്ത്രി വി. ആബ്ദുറഹിമാൻ, വഖഫ് ബോർഡ് ചെയർമാൻ പറഞ്ഞതിനെ മറ്റൊരു തരത്തിൽ പ്രചരിപ്പിക്കുന്നവെന്നും പറഞ്ഞു.
എന്നാൽ സർക്കാർ തീരുമാനത്തിനെ രൂക്ഷമായി എതിർത്താണ് വഖഫ് സമരസമിതി രംഗത്തുവന്നത്. വീണ്ടും ജുഡീഷ്യൽ കമ്മീഷനെ വെക്കുന്നത് തങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്ന് പറഞ്ഞ സമിതി, ജുഡീഷ്യൽ കമ്മീഷനെ വെക്കുന്നത് ഇനിയും സമയം നീണ്ട് പോകാൻ ഇടയാക്കുമെന്നും കൂട്ടിചേർത്തു. വേഗത്തിൽ പരിഹാരം കാണുകയാണ് വേണ്ടതെന്ന് കൂട്ടിച്ചേർത്ത സമരസമിതി സമരം അവസാനിപ്പിക്കില്ലെന്നും വ്യക്തമാക്കി.
തർക്കത്തിൽ ശാശ്വത പരിഹാരമാണ് വേണ്ടതെന്നും രേഖകൾ പരിശോധിക്കേണ്ട കാര്യമില്ലെന്നും സമരസമിതി കൂട്ടിച്ചേർത്തു.
റവന്യു, നിയമ, വഖഫ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗം ഒന്നേമുക്കാൽ മണിക്കൂർ നീണ്ടുനിന്നു. നാലുമണിക്കാണ് യോഗം ആരംഭിച്ചത്.