ബൈക്ക് യാത്രികനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പൊലീസുകാരനെതിരെ കേസ്
ഗുരുതരമായി പരിക്കേല്‍പ്പിച്ചതിന് 326 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
കൊല്ലത്ത് വാഹന പരിശോധനയ്ക്കിടെ ബൈക്ക് യാത്രികന്റെ തലയില്‍ വയര്‍ലസ് സെറ്റുകൊണ്ട് അടിച്ച പൊലീസുകാരനെതിരെ പൊലീസ് കേസെടുത്തു. ഗുരുതരമായി പരിക്കേല്‍പ്പിച്ചതിന് 326 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി രാവിലെ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് ബൈക്ക് യാത്രികനെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് നടപടി ഊര്‍ജ്ജിത മാക്കിയത്. രാവിലെ സന്തോഷിനെ സന്ദര്‍ശിച്ച അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണ കുറുപ്പ് പൊലീസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു
ഇതിന് പിന്നാലെ കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പൊലീസ് ആശുപത്രിയിലെത്തി സന്തോഷിന്റെ മൊഴി രേഖപ്പെടുത്തി. ഗുരുതരമായി പരിക്കേല്‍പ്പിച്ചതിന് 326 പ്രകാരം പൊലീസുകാരന്‍ മാഷ് ദാസിനെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു. എന്നാല്‍ സന്തോഷിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടും 308 പ്രകരം വധ ശ്രമത്തിന് കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. ആശുപത്രിയില്‍ കഴിയുന്ന സന്തോഷിന്റെ നില ഗുരുതരമായി തുടരുകയാണ്.