ശബരിമലയില്‍ തിരക്ക് നിയന്ത്രണാതീതം
ഉച്ചയ്ക്കു പമ്പയില്‍ നിന്ന് മലചവിട്ടിയ തീര്‍ത്ഥാടകര്‍ക്കു പോലും ഇന്നലെ ദര്‍ശനം നടത്താനായില്ല.
ഹര്‍ത്താല്‍ ദിനത്തില്‍ ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകരുടെ വന്‍ തിരക്ക്. തിരക്കു കാരണം വൈകിട്ടോടെ തീര്‍ത്ഥാടകരെ പൊലീസ് പമ്പയില്‍ തടഞ്ഞു. ഉച്ചയ്ക്കു പമ്പയില്‍ നിന്ന് മലചവിട്ടിയ തീര്‍ത്ഥാടകര്‍ക്കു പോലും ഇന്നലെ ദര്‍ശനം നടത്താനായില്ല.
സീസണില്‍ ആദ്യമായാണ് സന്നിധാനത്ത് ഇത്രയും തിരക്ക് അനുഭവപ്പെടുന്നത്. പുലര്‍ച്ചെ മുതല്‍ തീര്‍ത്ഥാടകരുടെ വലിയ ഒഴുക്കുണ്ടായിരുന്നു. ഉച്ചയ്ക്കു ശേഷം നട തുറന്നതോടെ തിരക്ക് നിയന്ത്രണാധീതമായി. തുടര്‍ന്ന്, പൊലിസിനൊപ്പം ദ്രുതകര്‍മ സേനയും റിസര്‍വ് ബറ്റാലിയനിലെ സേന അംഗങ്ങളും ചേര്‍ന്നാണ് തിരക്ക് നിയന്ത്രിച്ചത്. രാത്രി ഏഴ് മണിയോടെ പമ്പയിലും തീര്‍ത്ഥാടകരെ നിയന്ത്രിച്ചു. തിരക്ക് വര്‍ധിച്ചതോടെ വെര്‍ച്വല്‍ ക്യൂ സംവിധാനവും ഇല്ലാതായി.
ഇന്നലെ രാത്രി ഒന്‍പതരയോടെ പത്തനംതിട്ട, എരുമേലി, വടശേരിക്കര, കണമല, നാറാണംതോട്, പെരുനാട്, കുമളി എന്നിവിടങ്ങളില്‍ ഭക്തരുടെ വാഹനങ്ങള്‍ തടയാന്‍ പൊലീസ് നിര്‍ദേശം നല്‍കി. നാല് മണിക്കൂര്‍ ഇടവിട്ടാണ് പിന്നീട് വാഹനങ്ങള്‍ പമ്പയിലേയ്ക്ക് വിട്ടത്. പമ്പയില്‍ വാഹനങ്ങള്‍ നിറഞ്ഞതിനാല്‍ ചെറിയ വാഹനങ്ങള്‍ക്കു പോലും നിലയ്ക്കലിലാണ് പാര്‍ക്കിങ് നല്‍കിയത്. എരുമേലി - പന്പ റോഡില്‍ നാറാണംതോട് മുതല്‍ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.