മൂന്നാറില്‍ കയ്യേറ്റ ഭൂമി ഒഴിപ്പിക്കല്‍ തുടങ്ങി
ചിത്തിരപുരത്ത് സ്വകാര്യ വ്യക്തി പണിതുയര്‍ത്തിയ റിസോര്‍ട്ടിന്‍റെ സമീപത്തുള്ള ഭൂമി അധികൃതര്‍ തിരിച്ച് പിടിച്ചു.
ചിത്തരപ്പുരത്ത് സ്വകാര്യ റിസോര്‍ട്ട് ഉടമ കയ്യേറിയ ഭൂമി ഒഴിപ്പിച്ച് മൂന്നാറിലെ കൈയ്യേറ്റമൊഴിപ്പിക്കലിന് റവന്യൂ വകുപ്പ് തുടക്കം കുറിച്ചു. മൂന്നാറിലെ കൈയ്യേറ്റത്തെ ചൊല്ലി സിപിഎം ജില്ലാ നേതൃത്വവും വിഎസ്സും തമ്മിലുള്ള വാക്പോര് മുറുകുന്നതിനിടയിലാണ് ഒഴിപ്പിക്കല്‍.
മൂന്നാറിന് സമീപമുള്ള ചിത്തരപുരത്ത് സ്വകാര്യ റിസോര്‍ട്ട് ഉടമ കയ്യേറിയ സര്‍ക്കാര്‍ ഭൂമി ഒഴിപ്പിച്ചുകൊണ്ട് റവന്യൂ വകുപ്പ് രംഗത്തെത്തി. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിന്‍റെ 15.5 സെന്‍റ് സ്ഥലം കൊച്ചി ആസ്ഥാനമായ വിച്ചൂ കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം റിസോര്‍ട്ട് പണിയുന്നതിനായി 2012ല്‍ കയ്യേറിയതാണ് ഇന്ന് റവന്യൂ വകുപ്പ് ഒഴിപ്പിച്ചത്. ഇതോടെ വരും ദിവസങ്ങളിലും കൈയ്യേറ്റം ഒഴിപ്പിക്കപ്പെടും എന്ന സൂചനയാണ് റവന്യൂ വകുപ്പ് നല്‍കുന്നത്.