ആത്മവിശ്വാസത്തില്‍ എല്‍ഡിഎഫും യുഡിഎഫും; അക്കൌണ്ട് തുറക്കുമെന്ന പ്രതീക്ഷയില്‍ ബിജെപി
അവസാന ദിവസത്തെ അടിയൊഴുക്കകളെയാണ് മുന്നണികളെ ആശങ്കപ്പെടുത്തുന്നത്. പ്രതീക്ഷകള്‍ സഫലമാക്കാനുള്ള അവസാന ഘട്ട ശ്രമങ്ങളില്‍ സജീമാണ് രാഷട്രീയപാര്‍ട്ടികളെല്ലാം.
പരസ്യപ്രചരണം അവസാനിക്കുമ്പോള്‍ ഭരണം നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫും യുഡിഎഫും. 74 മുതല്‍ 80 വരെ സീറ്റുകള്‍ യുഡിഎഫ് പ്രതീക്ഷിക്കുമ്പോള്‍ 80 മുതല്‍ 85 വരെയാണ് എല്‍ഡിഎഫ് പ്രതീക്ഷ. അക്കൌണ്ട് തുറക്കുന്നതിനൊപ്പം 20 മണ്ഡലങ്ങളിലെങ്കിലും രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിയുമെന്നാണ് ബി ജെ പിയുടെ പ്രതീക്ഷ.
സര്‍വശക്തിയുമെടുത്ത് കലാശക്കൊട്ടില്‍ ശക്തി പ്രകടിപ്പിച്ച മുന്നണികള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. നാളെ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തുമ്പോള്‍ അനുകൂലമായ വിധിയെഴുത്തുണ്ടാകുമെന്ന് എല്‍ഡിഎഫും യുഡിഎഫും കരുതുന്നു.
കോവളം, കരുനാഗപ്പള്ളി, കുണ്ടറ, തിരുവല്ല, പെരുമ്പാവൂര്‍, അങ്കമാലി, കുന്ദംകുളം, കുന്ദമംഗലം, വടകര, ഉദുമ തുടങ്ങി നിരവധി സീറ്റുകള്‍ എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. ചെങ്ങന്നൂര്‍, അഴിക്കോട്, കൂത്തുപറമ്പ്, ഒല്ലൂര്‍, താനൂര്‍ എന്നിവിടങ്ങളില്‍ പ്രതിസന്ധിയുണ്ടെന്നും യുഡിഎഫ് കരുതുന്നു. ഇത് മറികടന്നും 74 മുതല്‍ 80 സീറ്റുകള്‍ വരെ ലഭിച്ച് തുടര്‍ഭരണം ഉറപ്പെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. 80 മുതല്‍ 85 സീറ്റാണ് എല്‍ഡിഎഫ് ക്യാമ്പിന്റെ കണക്ക്. തദേശ തെരഞ്ഞെടുപ്പില്‍ ലീഡ് ലഭിച്ച 87 മണ്ഡലങ്ങളെ കേന്ദ്രീകരിച്ചാണ് അവരുടെ കണക്കുകൂട്ടല്‍.
ഭരണവിരുദ്ധവികാരം ഇല്ലെന്ന് പറയുമ്പോഴും അടിയൊഴുക്കുകള്‍ എല്‍ ഡി എഫ് പ്രതീക്ഷിക്കുന്നു. കുറ്റ്യാടി, വടകര, ഉദുമ, കായംകുളം തുടങ്ങിയ സ്ഥലങ്ങളില്‍ വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും അവസാന ഘട്ടത്തില്‍ മറികടക്കാന്‍ കഴിയുമെന്നാണ് എല്‍ഡിഎഫ് കരുതുന്നത്. അക്കൌണ്ട് തുറക്കല്‍ സ്വപ്നം ഇത്തവണ സാക്ഷാത്കരിക്കാന്‍ കഴിയുമെന്നാണ് ബി ജെപി പ്രതീക്ഷ. ശക്തമായ ത്രികോണ മത്സരം നടക്കുന്ന 20 മണ്ഡലം പ്രതീക്ഷിച്ചാണ് അവരുടെ കണക്കുകൂട്ടല്‍. ബിഡിജെഎസിന്റെ അവസാന നിലപാടുകളെ എല്‍ഡിഎഫും യുഡിഎഫും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അവസാന ദിവസത്തെ അടിയൊഴുക്കകളെയാണ് മുന്നണികളെ ആശങ്കപ്പെടുത്തുന്നത്. പ്രതീക്ഷകള്‍ സഫലമാക്കാനുള്ള അവസാന ഘട്ട ശ്രമങ്ങളില്‍ സജീമാണ് രാഷട്രീയപാര്‍ട്ടികളെല്ലാം.