കൊച്ചി കപ്പല്‍ശാല അപകടം; അന്വേഷണം ആരംഭിച്ചു
അപകടത്തിന് പിന്നില്‍ അട്ടിമറി ഉണ്ടായിട്ടുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുക
കൊച്ചി കപ്പല്‍ശാലയിലുണ്ടായ അപകടം സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. അപകടത്തിന് പിന്നില്‍ അട്ടിമറി ഉണ്ടായിട്ടുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുക. വിവിധ കേന്ദ്ര അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ കൊച്ചിയിലെത്തി പരിശോധന നടത്തും.
ഓപ്പറേഷന്‍സ് വിഭാഗം ഡയറക്ടര്‍ സുഭാഷ് ബാബുവിന്റെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് ആഭ്യന്തര അന്വേഷണം നടത്തുന്നത്. രണ്ട് ജനറല്‍ മാനേജര്‍മ്മാരും ഫയര്‍ ആന്റെ് സേഫ്റ്റി മേധാവിയുമാണ് സംഘത്തിലുള്ളത്. വാതകം ചോര്‍ന്നതെങ്ങനെയാണെന്ന് സംഘം പരിശോധിക്കും. ഗ്യാസ് ഫ്രീ പെര്‍മിറ്റ് സംവിധാനത്തിലുണ്ടായ പാളിച്ചകളാണ് അപകടത്തിന് കാരണമെന്ന് സംശയമുയര്‍ന്നിരുന്നു. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയ ഉദ്യോഗസ്ഥരും ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തും. കേരള പൊലീസും അപകടത്തെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. അറ്റകുറ്റപ്പണിക്കായി കൊണ്ട് വന്ന
ഒ എന്‍ ജി സിയുടെ സാഗര്‍ ഭൂഷണെന്ന കപ്പലിലാണ് അപകടമുണ്ടായത്. അപകടത്തില്‍ 5 തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമാവുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവ സ്ഥലം ഇപ്പോഴും കനത്ത സുരക്ഷ വലയത്തിലാണ്.