തോല്‍വി വിലയിരുത്താന്‍ ജെഡിയു നേതൃയോഗം യോഗം ജൂണ്‍ ഒന്നിന്
മത്സരിച്ച ഏഴ് സീറ്റിലും കനത്ത പരാജയമാണ് ജെഡിയുവിന് ഏറ്റ് വാങ്ങേണ്ടി വന്നത്. ഇടതുമുന്നണിയിലേക്ക് മടങ്ങിയിരുന്നെങ്കില്‍ അപമാനം ഏറ്റ് വാങ്ങേണ്ടിവരില്ലായിരുന്നെന്ന അഭിപ്രായമാണ് ഭൂരിഭാഗം നേതാക്കള്‍ക്കുമുളളത്.
മത്സരിച്ച മണ്ഡലങ്ങളിലെല്ലാം കനത്ത പരാജയം ഏറ്റ് വാങ്ങിയ ജെഡിയു തോല്‍വിയുടെ കാരണങ്ങള്‍ വിലയിരുത്താന്‍ ജൂണ്‍ ഒന്നിന് നേതൃയോഗം ചേരും. മത്സരിച്ച ഏഴ് സീറ്റിലും കനത്ത പരാജയമാണ് ജെഡിയുവിന് ഏറ്റ് വാങ്ങേണ്ടി വന്നത്. ഇടതുമുന്നണിയിലേക്ക് മടങ്ങിയിരുന്നെങ്കില്‍ അപമാനം ഏറ്റ് വാങ്ങേണ്ടിവരില്ലായിരുന്നെന്ന അഭിപ്രായമാണ് ഭൂരിഭാഗം നേതാക്കള്‍ക്കുമുളളത്.
ഇടതുമുന്നണിയിലേക്ക് മടങ്ങുമെന്നുളള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടാണ് ജെഡിയു നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നിന്നത്. കല്‍പറ്റ, കൂത്തുപറമ്പ്, എലത്തൂര്‍, വടകര, നേമം, അമ്പലപ്പുഴ, മട്ടന്നൂര്‍ എന്നിങ്ങനെ ഏഴ് സീറ്റിലാണ് ജെഡിയു മത്സരിച്ചത്. മന്ത്രി കൂടിയായ കെ പി മോഹനനും കല്‍പറ്റയില്‍ എം വി ശ്രേയാംസ്കുമാറിനും ശക്തികേന്ദ്രങ്ങളില്‍ പരാജയം നേരിട്ടു. ഇടതുമുന്നണിയുടെ ഭാഗമായുളള ജനതാദള്‍ എസിന് പിടിച്ച് നില്‍ക്കാനായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ ഒരിടത്ത് പോലും ജെഡിയു ഉണ്ടായിരുന്നില്ല.
നേമത്തുള്‍പ്പെടെ കോണ്‍ഗ്രസ്സ് കാലുവാരിയെന്ന വിമര്‍ശം ജെഡിയുവിനുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അപാകതയാണ് തോല്‍വിക്ക് കാരണമെന്നാണ് വിലയിരുത്തല്‍. ഒപ്പം ഇടതുമുന്നണിയിലേക്ക് പോകാനുളള സാഹചര്യം ഉണ്ടായിട്ടും പോകാതിരുന്നത് അബദ്ധമായെന്ന വിലയിരുത്തലും ഒരു വിഭാഗത്തിനുണ്ട്. 12 ജില്ലാകമ്മിറ്റികളും ഇടതുമുന്നണിയിലേക്ക് മടങ്ങുന്നതിനെ അനുകൂലിച്ചപ്പോള്‍ രണ്ട് ജില്ലാകമ്മിറ്റികള്‍ മാത്രമാണ് എതിര്‍ത്തത്.
മന്ത്രിയായിരുന്ന കെപി മോഹനനും എം വി ശ്രേയാംസ്കുമാറുമുള്‍പ്പെടെയുളള ചില നേതാക്കളുടെ കടുംപിടിത്തവും രാജ്യസഭാസീറ്റ് വാഗ്ദാനവുമാണ് യുഡിഎഫില്‍ തുടരാനുളള കാരണം. ഇടതുമുന്നണിയിലേക്ക് മടങ്ങിയിരുന്നെങ്കില്‍ ഈ തകര്‍ച്ച ഉണ്ടാകുമായിരുന്നില്ലെന്ന വിലയിരുത്തലും പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. ഈ സാഹചര്യത്തിലാണ് അടുത്തമാസം ഒന്നിന് നേതൃയോഗം ചേരുന്നത്.