പൂഞ്ഞാറിലെ തോല്‍വി സിപിഎം പ്രത്യേകം അന്വേഷിക്കും
വട്ടിയൂര്‍ക്കാവില്‍ ടി.എന്‍ സീമ മൂന്നാമതെത്തിയത് പരിശോധിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. കുറ്റ്യാടി മണ്ഡലത്തിലെ തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ രണ്ടംഗങ്ങളെയും തീരുമാനിച്ചിട്ടുണ്ട്
പൂഞ്ഞാര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വി വിശദമായി അന്വേഷിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ തീരുമാനം. വട്ടിയൂര്‍ക്കാവില്‍ ടി.എന്‍ സീമ മൂന്നാമതെത്തിയത് പരിശോധിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. ജില്ലാ കമ്മിറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് വിശദമായി ചര്‍ച്ച ചെയ്തു.
പൂഞ്ഞാറിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സി ജോസഫിന്റെ ദയനീയ തോല്‍വി ഞെട്ടിപ്പിക്കുന്നതാണെന്ന വിലയിരുത്തലിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കെട്ടിവെച്ച പണം പോലും ലഭിക്കാതിരുന്നത് ഗൌരവമായി പരിശോധിക്കാനാണ് തീരുമാനം. പാര്‍ട്ടിയിലെ ഒരു വിഭാഗം പി സി ജോര്‍ജിന് അനുകൂലമായി പ്രവര്‍ത്തിച്ചെന്ന വിലയിരുത്തലിലാണ് നേത്യത്വം എത്തിച്ചേര്‍ന്നത്. വട്ടിയൂര്‍ക്കാവില്‍ ടി.എന്‍ സീമ മൂന്നാമതെത്തിയത് പരിശോധിക്കാന്‍ സംസ്ഥാന സമിതിയംഗം കോലിയക്കോട് കൃഷ്ണന്‍ നായര്‍ ചെയര്‍മാനായ മൂന്നംഗ സമിതിയെ നിയോഗിച്ചു. സംഘടന സംവിധാനം ക്യത്യമായി പ്രവര്‍ത്തിക്കാത്തതാണ് മൂന്നാമതെത്താന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
കുറ്റ്യാടി മണ്ഡലത്തിലെ തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ രണ്ടംഗങ്ങളെ തീരുമാനിച്ചിട്ടുണ്ട്. പേരാമ്പ്രയില്‍ മന്ത്രി ടി പി രാമകൃഷ്ണന് വോട്ട് കുറഞ്ഞതും പരിശോധിക്കും.11, 12 തീയതികളില്‍ ചേരുന്ന സംസ്ഥാന സമിതിയും ജില്ലാ കമ്മിറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും.