പാനമ രേഖകളില്‍ ഒരു മലയാളി കൂടി
പത്തനംതിട്ട റാന്നി സ്വദേശി ദിനേശ് പരമേശ്വരന്‍ നായര്‍ എന്ന പേരാണ് പുറത്ത് വന്നത്.
കള്ളപ്പണം നിക്ഷേപിച്ചവരുടെ വിശദാംശങ്ങളുള്ള പാനമ രേഖകളില്‍ ഒരു മലയാളിയുടെ കൂടി വിശദാംശങ്ങള്‍ പുറത്ത്. പത്തനംതിട്ട റാന്നി സ്വദേശി ദിനേശ് പരമേശ്വരന്‍ നായര്‍ എന്ന പേരാണ് പുറത്ത് വന്നത്. ഹോങ്കോങ് ആസ്ഥാനമായ ഗെല്‍ഡിന്‍ ട്രേഡിങ് കന്പനിയുടെ ഡയറക്ടര്‍ ആണ് ദിനേശ് പരമേശ്വരന്‍ നായര്‍. ചൈനീസ് പൗരനുമായി ചേര്‍ന്നാണ് കമ്പനി നടത്തി വരുന്നത്.
തിരുവനന്തപുരം സ്വദേശി ജോര്‍ജ് മാത്യുവിന്റെ പേര് ഇന്ത്യന്‍ എക്സ്‍പ്രസ് പാനമ പേപേഴ്സ്-3ല്‍ ഉള്‍പ്പെട്ടിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ജോര്‍ജ് മാത്യു 12 വര്‍ഷമായി സിംഗപ്പൂരിലാണ് താമസം. ഫ്യൂച്ചര്‍ ബുക്സ് എന്ന പേരിലുള്ള കമ്പനിയിലാണ് ഇദ്ദേഹം പണം നിക്ഷേപിച്ചിരിക്കുന്നത്. എന്നാല്‍ 12 വര്‍ഷമായി വിദേശത്ത് താമസിക്കുന്ന തനിക്ക് ഇന്ത്യയിലെ നികുതി നിയമങ്ങള്‍ ബാധകമല്ലെന്നാണ് ജോര്‍ജ് മാത്യുവിന്റെ വിശദീകരണം. പുതിയ കമ്പനികള്‍ രൂപീകരിക്കാന്‍ സഹായം നല്‍കുന്ന സ്ഥാപനം ജോര്‍ജ് മാത്യു സിംഗപ്പൂരില്‍ നടത്തുന്നുണ്ട്.