നിയമന വിവാദം; ഇപി ജയരാജനെതിരെ സിപിഎമ്മില്‍ എതിര്‍പ്പ് രൂക്ഷമാകുന്നു

Update: 2018-05-08 19:20 GMT
Editor : Jaisy
Advertising

ജയരാജനെതിരെ നടപടിയെടുക്കണമെന്നതാണ് ഭൂരിഭാഗം നേതാക്കളുടെയും നിലപാട്

Full View

നിയമന വിവാദത്തിൽ മന്ത്രി ഇ.പി ജയരാജനെതിരെ സിപിഎമ്മിൽ എതിർപ്പ് രൂക്ഷമാകുന്നു. സർക്കാരിനെ പ്രതിസന്ധിയിലാക്കിയ ജയരാജനെതിരെ നടപടിയെടുക്കണമെന്നതാണ് ഭൂരിഭാഗം നേതാക്കളുടെയും നിലപാട്. അതു കൊണ്ട് തന്നെ 14 ന് ചേരുന്ന പാർട്ടി സെക്രട്ടറിയേറ്റ് ജയരാജനെ സംബന്ധിച്ച് ഏറെ നിർണായകമാണ്.

സിപിഎമ്മിൽ നിർണായക ശക്തിയായ കണ്ണൂർ ലോബിയുടെ ശക്തനായ വക്താവായിരുന്നു എക്കാലത്തും ഇ.പി ജയരാജൻ. അതു കൊണ്ട് തന്നെയാണ് മുൻപ് വിവാദങ്ങൾ പലതുണ്ടായപ്പോഴും പാർട്ടിയിലെ ഔദ്യോഗിക വിഭാഗം കൈയ് മെയ് മറന്ന് ഇ.പിക്ക് പ്രതിരോധം തീർത്തത്.എന്നാൽ ഇത്തവണ പക്ഷെ, കാര്യങ്ങൾ പഴയ പടിയല്ല. മന്ത്രിസഭ അധികാരമേറ്റതു മുതൽ ജയരാജനുണ്ടാക്കുന്ന പൊല്ലാപ്പുകളിൽ ഔദ്യോഗിക വിഭാഗവും അസ്വസ്ഥരാണ്.പുതിയ വിവാദങ്ങൾ അണികൾക്കുള്ളിലും പൊതു ജനമധ്യത്തിലും പാർട്ടിക്കും സർക്കാരിനും ഏറെ കളങ്കമുണ്ടാക്കി എന്നാണ് ഇവരുടെ വിലയിരുത്തൽ.ഇക്കാര്യത്തിൽ തങ്ങൾക്കുള്ള അനിഷ്ടം മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പരസ്യമായി പ്രകടിപ്പിക്കുക കൂടി ചെയ്തതോടെ ഇ.പി ജയരാജൻ പാർട്ടിയിലും മന്ത്രി സഭയിലും കൂടുതൽ ഒറ്റപ്പെടുകയാണ്. എക്കാലവും ഇ.പി ജയരാജന് പിന്നിൽ അടിയുറച്ച് നിന്നിരുന്ന പാർട്ടി കണ്ണൂർ ജില്ലാ നേതൃത്വവും ഇത്തവണ ഇ.പിക്കൊപ്പമില്ല. ജയരാജന്റെ സ്വന്തം തട്ടകമായ പാപ്പിനിശേരി ഏരിയാ കമ്മറ്റി അടക്കം പുതിയ വിവാദത്തിൽ തങ്ങൾക്കുള്ള ശക്തമായ എതിർപ്പ് ജില്ലാ നേതൃത്വത്തെ അറിയിച്ച് കഴിഞ്ഞു.

സിപിഎമ്മിന്റെ ശക്തി ദുർഗമായ മൊറാഴയിൽ നിന്നാണ് പാർട്ടി കേന്ദ്ര കമ്മറ്റി അംഗമായ ജയരാജനെതിരെ രേഖാമൂലം പരാതി ഉയർന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. ജില്ലയിലെ പാർട്ടിയുടെ രണ്ടാം നിര നേതാക്കൾ ഈ വിഷയത്തിൽ ഉയർത്തുന്ന ശക്തമായ എതിർപ്പും നേതൃത്വം ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.നിയമന വിവാദത്തിൽ ജയരാജനൊപ്പം പി.കെ ശ്രീമതി എം.പിക്കെതിരെയും പാർട്ടിക്കുള്ളിൽ പ്രതിക്ഷേധം പുകയുന്നുണ്ട്. അതിനിടയിൽ ഫേസ്ബുക്കിലൂടെ പിണറായി വിജയനെതിരെ നടത്തിയ പരോക്ഷ പ്രതികരണവും ശ്രീമതിക്ക് തിരിച്ചടിയായി.ഇന്നലെ മണ്ഡലത്തിലെ പൊതുപരിപാടികൾ പൂർണമായും റദ്ദ് ചെയ്ത് വീട്ടിൽ വിശ്രമിച്ച പി.കെ ശ്രീമതി മാധ്യമങ്ങളിൽ നിന്നും അകലം പാലിച്ചു. എന്തായാലും ഈ മാസം 14 ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കേന്ദ്ര കമ്മറ്റി അംഗങ്ങളും ബന്ധുക്കളുമായ ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും ഏറെ നിർണായകമാണ്.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News