നവീകരിച്ച മിഠായി തെരുവ് 23ന് തുറക്കും; വാഹനങ്ങള്‍ കടത്തിവിടണമെന്ന് വ്യാപാരികള്‍
ഉദ്ഘാടത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ജില്ല കലക്ടര്‍ വിളിച്ച യോഗം വ്യാപാരികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അലങ്കോലമായി.
നവീകരണം പൂര്‍ത്തിയായ കോഴിക്കോട് മിഠായി തെരുവിലേക്ക് വാഹനങ്ങള്‍ കടത്തി വിടുമൊയെന്ന കാര്യത്തില്‍ നിലപാട് പറയാതെ ജില്ലാ ഭരണകൂടം. വാഹനം കടത്തി വിടണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി. ഉദ്ഘാടത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ജില്ല കലക്ടര്‍ വിളിച്ച യോഗം വ്യാപാരികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അലങ്കോലമായി.
കലക്ടര്‍ വിളിച്ച യോഗം ആരംഭിച്ച ഉടനെ തന്നെ ഒരു വിഭാഗം വ്യാപാരികള്‍ ബഹളം തുടങ്ങി. വാഹനം കടത്തി വിടുന്ന കാര്യത്തില്‍ തീരുമാനം പറയണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഈ മാസം 23നാണ് നവീകരിച്ച മിഠായി തെരുവ് ഔദ്യോഗികമായി ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിപുലമായ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
നവീകരണം പൂര്‍ത്തിയായാല്‍ വാഹനങ്ങള്‍ കടത്തി വിടുമെന്ന് ജില്ലാ ഭരണകൂടം നേരത്തെ ഉറപ്പ് നല്‍കിയതാണെന്ന് വ്യാപാരികള്‍ പറയുന്നു. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തില്‍ എംഎല്‍എമാരായ എം കെ മുനീറും എ പ്രദീപ് കുമാറും ജില്ലാ കലക്ടറും ഏകപക്ഷീയ നിലപാടാണ് സ്വീകരിച്ചതെന്ന് സമിതി നേതാക്കള്‍ കുറ്റപ്പെടുത്തി.
വാഹനങ്ങള്‍ കടത്തിവിടണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍കാനാണ് വ്യാപാരി സംഘടനകളുടെ തീരുമാനം. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ഉദ്ഘാടനം ബഹിഷ്കരിക്കാനും കടയടച്ച് പ്രതിഷേധിക്കാനുമാണ് വ്യാപാരികളുടെ തീരുമാനം.