കേരള ഹൗസ് ആക്രമണക്കേസിൽ വി. ശിവദാസൻ ഉൾപ്പെടെ 10 പേരെ വെറുതെവിട്ടു
2013ല്‍ സോളാർ കേസുമായി ബന്ധപ്പെട്ട് കേരള ഹൗസിൽ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം
ന്യൂഡൽഹി: കേരള ഹൗസ് ആക്രമണത്തിൽ വി. ശിവദാസൻ എംപി ഉൾപ്പെടെ 10 പേരെ കോടതി വെറുതെവിട്ടു. ഡൽഹി റൗസ് അവന്യു കോടതിയുടേതാണ് നടപടി. ഇനിയും തിരിച്ചറിയാത്ത 14 പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.
2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സോളാർ കേസുമായി ബന്ധപ്പെട്ടായിരുന്നു കേരള ഹൗസിൽ പ്രതിഷേധം നടന്നത്. അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ കോലം കേരള ഹൗസിന്റെ കാർ പോർച്ചിൽ കത്തിച്ചു. ഇത് കേരള ഹൗസ് കത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു കാണിച്ചായിരുന്നു കേസെടുത്തത്.
കേസിൽ 24 പേർക്കെതിരെയാണ് കേസെടുത്തത്. ഇതിൽ 14 പേരെ തിരിച്ചറിയാനായിരുന്നില്ല. മറ്റു പത്തു പേരുടെ വിചാരണയാണു പൂർത്തിയാക്കിയത്. കേസിലെ സാക്ഷികൾ പ്രതികളെ തിരിച്ചറിയാനാകുന്നില്ലെന്നു വ്യക്തമാക്കിയതോടെയാണ് 10 പേരെ വെറുതെവിട്ടത്.
Summary: 10 people including V. Sivadasan MP acquitted in Kerala House attack case