ഒറ്റപ്പെട്ട് ജയരാജന്‍; രാജിവെച്ചേ മതിയാകൂയെന്ന് പിണറായി
പിണറായി, കോടിയേരി, ജയരാജന്‍ എന്നിവര്‍ സെക്രട്ടറിയേറ്റിന് മുന്പ് ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ തന്നെ രാജി തീരുമാനം
രാജി തീരുമാനം പ്രഖ്യാപിച്ച സെക്രട്ടറിയേറ്റ് യോഗത്തിൽ ഇ പി ജയരാജൻ പൂർണ്ണമായും ഒറ്റപ്പെട്ടു. മുഖ്യമന്ത്രിയടക്കം യോഗത്തിൽ പങ്കെടുത്ത എല്ലാവരും ജയരാജനെതിരെ രംഗത്ത് വന്നു. നിയമനകാര്യത്തിൽ അബദ്ധം സംഭവിച്ചുവെന്നായിരുന്നു ജയരാജന്റെ മറുപടി.
നിർണായക സെക്രട്ടറിയേറ്റിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇ പി ജയരാജനുമായി അനൌപചാരിക ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ രാജി നിർദേശം പാർട്ടി നേതൃത്വം മുന്നോട്ട് വെച്ചു. പിന്നാലെ ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിലാകട്ടെ രൂക്ഷവിമർശമാണ് ജയരാജന് നേരിടേണ്ടിവന്നത്. ബന്ധുനിയമനം പാർട്ടിക്ക് അപമാനമുണ്ടാക്കിയെന്നും കടുത്ത നടപടിയെടുക്കണമെന്നുമായിരുന്നു ഭൂരിഭാഗത്തിന്റെയും അഭിപ്രായം. എളമരം കരീമും എ കെ ബാലനുമടക്കമുളള മുതിർന്ന നേതാക്കളും ജയരാജൻറ നടപടിയെ ചോദ്യം ചെയ്തു. പിണറായി വിജയനും യോഗത്തിൽ കടുത്ത നിലപാട് സ്വീകരിച്ചു. രാജിവച്ചേതീരു എന്നായിരുന്നു പിണറായിയുടെ നിലപാട്.
ബന്ധുനിയമന കാര്യത്തില്‍ തനിക്ക് അബദ്ധവും വീഴ്ചയും സംഭവിച്ചുവെന്നായിരുന്നു ജയരാജന്റെ മറുപടി. പൊതുവികാരം മനസിലാക്കുന്നുവെന്നും ഇന്ന് തന്നെ രാജിവെക്കുകയാണെന്നും ജയരാജൻ യോഗത്തെ അറിയിച്ചു. ബന്ധുനിയമനം ന്യായീകരിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ട കേന്ദ്രകമ്മറ്റിയംഗം പി കെ ശ്രീമതിക്കെതിരെയും യോഗത്തിൽ വിമർശമുയർന്നു. വീഴ്ച സംഭവിച്ചുവെന്ന് ശ്രീമതിയും യോഗത്തിൽ കുറ്റസമ്മതം നടത്തി.