ഇനി കേരളത്തിലെ നായകപദവിക്ക് താത്കാലിക ഇടവേള
വിജയാരവ കാലത്ത് മാത്രമല്ല, വീഴ്ചകളുടെ സംഘര്‍ഷകാലത്തും ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വം
കേരളത്തിലെ മുസ്‍ലിം ലീഗ് രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ക്കുള്ള കാഹളമാണ് കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം. സംസ്ഥാന പാര്‍ട്ടിയിലെ നായകപദവിക്ക് താല്‍കാലിക ഇടവേള നല്‍കി കുഞ്ഞാലിക്കുട്ടി ഡല്‍ഹിക്ക് വണ്ടി കയറാനൊരുങ്ങുമ്പോള്‍ അത് ലീഗിലും മുന്നണിയിലും ചെറുതല്ലാത്ത വിടവ് ബാക്കി വെക്കുന്നു.
രണ്ട് പതിറ്റാണ്ടോളം കാലം മുസ്‍ലിം ലീഗിന്റെ അമരം കാത്ത നായകനാണ് കുഞ്ഞാലിക്കുട്ടി. വിജയാരവ കാലത്ത് മാത്രമല്ല, വീഴ്ചകളുടെ സംഘര്‍ഷകാലത്തും ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വമായി നിലകൊണ്ടു എന്നത് ലീഗ് രാഷ്ട്രീയത്തില്‍ കുഞ്ഞാലിക്കുട്ടിയെ സവിശേഷനാക്കി.
ഐസ്ക്രീം കേസില്‍ മുഖം തകര്‍ന്ന കുഞ്ഞാലിക്കുട്ടി കേരളരാഷ്ട്രീയത്തില്‍ അപ്രസക്തനാകുമെന്ന് പൊതുവെ വിലയിരുത്തപ്പെട്ടുവെങ്കിലും അചഞ്ചലമായ പ്രവര്‍ത്തകപിന്തുണയുടെ ബലത്തില്‍ അദ്ദേഹം പഴയ പ്രഭയിലേക്ക് മടങ്ങിയെത്തി. എങ്കിലും വിവാദകാലത്ത് പഴയ ശിഷ്യന്‍ കെ ടി ജലീലിനോട് കുറ്റിപ്പുറത്ത് തോറ്റത് കരിയറിലെ കറുത്ത ഏട്.
ഏഴ് തവണ എംഎല്‍എയും നാല് തവണ മന്ത്രിയുമായ കുഞ്ഞാലിക്കുട്ടി ഇന്ന് കേരളത്തിലെ മുസ്‍ലിം രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തനായ നേതാവാണ്. പാര്‍ട്ടിയില്‍ മാത്രമല്ല മുന്നണിയിലും എന്നും സമവായത്തിന്റെയും സൌഹാര്‍ദ്ദത്തിന്റെയും വഴി തീര്‍ത്തു കുഞ്ഞാപ്പ. രാഷ്ട്രീയ സങ്കീര്‍ണതകളുടെ കാലത്ത് മുന്നണിയിലെ മുള്ളുകളെടുക്കാന്‍ കാട്ടിയ മികവാണ് യുഡിഎഫില്‍ അദ്ദേഹത്തെ പൊതുസ്വീകര്യനാക്കിയത്.
കേരളത്തിന്റെ അതിരുകള്‍ ഭേദിച്ച് കുഞ്ഞാലിക്കുട്ടി ഇനി ദേശീയ രാഷ്ട്രീയത്തിന്റെ വഴിയിലേക്ക് ചുവട് മാറുകയാണ്. മലപ്പുറത്തെ വിജയം കുഞ്ഞാപ്പയെ ഡല്‍ഹിയിലേക്ക് വണ്ടി കയറ്റിയാല്‍ കേരളത്തിലെ പാര്‍ട്ടിയുടെ ചുക്കാന്‍ ഇനി ആരുടെ കയ്യിലേക്ക് എന്നതാണ് പ്രസക്തമായ ചോദ്യം.