നടക്കാനിരിക്കുന്നത് ഏറെ സവിശേഷതകള്‍ നിറഞ്ഞ തെരഞ്ഞെടുപ്പ്
പോളിംഗ് സമയം ഒരു മണിക്കൂർ നീട്ടിയതാണ് പ്രധാന സവിശേഷത.`വോട്ടിംഗ് യന്ത്രത്തിൽ സ്ഥാനാർത്ഥികളുടെ ഫോട്ടോ പതിക്കുന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.
ഒട്ടേറെ സവിശേഷതകളുമായാണ് ഈ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് നടക്കുന്നത്. പോളിംഗ് സമയം ഒരു മണിക്കൂർ നീട്ടിയതാണ് പ്രധാന സവിശേഷത.`വോട്ടിംഗ് യന്ത്രത്തിൽ സ്ഥാനാർത്ഥികളുടെ ഫോട്ടോ പതിക്കുന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.
ചിഹ്നങ്ങളുടെ സാമ്യതയും അപരൻമാരുടെ സാന്നിദ്ധവും പോളിംഗ് ബൂത്തിൽ മിക്കപ്പോഴും വോട്ടർമാരെ വെട്ടിലാക്കാറുണ്ട്.എന്നാൽ ഇത്തവണ ആ പേടി വേണ്ട. സ്ഥാനാർത്തിയുടെ ചിഹ്നത്തിനും പേരിനുമൊപ്പം അവരുടെ ഫോട്ടോയും വോട്ടിംഗ് യന്ത്രത്തിൽ ഇടംപിടിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായാണ് സ്ഥാനാർത്ഥിയുടെ ഫോട്ടോ ബാലറ്റ് പോപ്പറിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലും പതിപ്പിക്കുന്നത്.അപരൻമാരുടെ ശല്യമാണ് ഇത്തരമൊരു പരിഷ്കരണത്തിലേക്ക് നീങ്ങാൻ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രേരിപ്പിച്ചത്.
പോളിംഗ് സമയം നീട്ടി നൽകിയതും ഇത്തവണത്തെ പ്രത്യേകതയാണ്. സാധാരണ രാവിലെ 7 മുതൽ വൈകീട്ട് 5 വരെയായിരുന്നു വോട്ടെടുപ്പിനുളള സമയം.ഒരു മണിക്കൂർ കൂടി നീട്ടി വൈകീട്ട് 6 വരെയായിരിക്കും ഇക്കുറി തെരഞ്ഞെടുപ്പ്. തീർന്നില്ല സവിശേഷതകൾ.വി പാറ്റ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന ആദ്യതെരഞ്ഞെടുപ്പാണിത്. ഏത് സ്ഥാനാർത്ഥിക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടർക്ക് കണ്ടറിയാനുളള സംവിധാനമാണ് വി പാറ്റ് വോട്ടിംഗ് യന്ത്രങ്ങൾ.12 നിയമസഭ മണ്ഡലങ്ങളിലായ് 1062 ബൂത്തുകളിലാണ് ഈ സംവിധാനം ഉപയോഗിക്കുക.
നിഷേധവോട്ടായ നോട്ടക്കും ഇക്കുറി ചിഹ്നമുണ്ട്. വോട്ട് ചെയ്യാനായി 13 തിരിച്ചറിയൽ രേഖകളും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഎൽഒയിൽ നിന്ന് ലഭിച്ച ഫോട്ടോ പതിച്ച വോട്ടർ സ്ലിപ് മാത്രം ഉപയോഗിച്ച് വോട്ട് ചെയ്യാം. ഇതില്ലെങ്കിൽ ഫോട്ടോ പതിച്ച തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം. അതുമല്ലെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച 11 തിരിച്ചറിയൽ കാർഡുകളിൽ ഏതെങ്കിലുമൊന്ന് ഉപയോഗിച്ചും വോട്ട് ചെയ്യാം. പാസ്പോർട്ട്,ഡ്രൈവിംഗ് ലൈസൻസ്,പാൻകാർഡ്,ആധാർ കാർഡ്,ഫോട്ടോ പതിച്ച പെൻഷൻ രേഖ, സർക്കാറുകളും പൊതുമേഖല സ്ഥാപനങ്ങളും പബ്ലിക് ലിമിറ്റഡ് കമ്പനികളും നൽകുന്ന തിരിച്ചറിയൽ കാർഡ്,സഹകരണ ബാങ്കുകൾ ഒഴികെയുളള ബാങ്കുകളുടേയും പോസ്റ്റോഫീസിലെയും ഫോട്ടോ പതിച്ച പാസ് ബുക്ക്,ദേശീയ ജനസംഖ്യാ രജിസ്റ്ററിൻറ സ്മാർട്ട് കാർഡ്, തൊഴിലുറപ്പ് പദ്ധതിയുടെ ഫോട്ടോ പതിച്ച തൊഴിൽ കാർഡ്, തൊഴിൽ മന്ത്രാലയത്തിന്‍റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ് എന്നിവയാണ് തിരിച്ചറിയൽ രേഖകൾ.