തെക്കന്‍ കേരളത്തില്‍ ഒറ്റ സീറ്റിലും ലീഗ് മത്സരിക്കില്ല
ഇരവിപുരത്തിന് പകരം മലബാറിലൊരു സീറ്റ് കൂടി എടുക്കാനുള്ള മുസ്‍ലിം ലീഗിന്‍റെ തീരുമാനം ദക്ഷിണ കേരളത്തില്‍ പാര്‍ട്ടിയുടെ പ്രാതിനിധ്യം നഷ്ടപ്പെടാന്‍ ഇടയാക്കും
ഇരവിപുരത്തിന് പകരം മലബാറിലൊരു സീറ്റ് കൂടി എടുക്കാനുള്ള മുസ്‍ലിം ലീഗിന്‍റെ തീരുമാനം ദക്ഷിണ കേരളത്തില്‍ പാര്‍ട്ടിയുടെ പ്രാതിനിധ്യം നഷ്ടപ്പെടാന്‍ ഇടയാക്കും. തിരുവനന്തപുരത്തും കൊല്ലത്തും എംഎല്‍എമാരുണ്ടായിരുന്ന പാര്‍ട്ടിക്ക് എറണാകുളം വരെ മത്സരിക്കാന്‍ സീറ്റില്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇത് തെക്കന്‍ കേരളത്തില്‍ പാര്‍ട്ടി തകരാന്‍ കാരണമാകും എന്ന വിലയിരുത്തലിലാണ് പ്രാദേശിക നേതൃത്വങ്ങള്‍.
തെക്കന്‍ കേരളം മുസ്‍ലിം ലീഗിന് ബാലികേറാമല ആയിരുന്നില്ല. എംഎല്‍എയും മന്ത്രിയും ഉള്‍പ്പെടെ ഉണ്ടായിരുന്ന ഒരു കാലം ദക്ഷിണ കേരളത്തില്‍ ലീഗിനുണ്ടായിരുന്നു. തിരുവനന്തപുരത്ത് വെസ്റ്റില്‍ നിന്ന് 1980ലും 1982ലും വിജയിച്ച ലീഗ് 87ല്‍ സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുത്തു. പിന്നെ തിരിച്ചുകിട്ടിയില്ല. ലീഗ് മത്സരിക്കുകയും ഒരു തവണ വിജയിക്കുകയും ചെയ്ത തിരുവനന്തപുരത്തെ മറ്റൊരു സീറ്റാണ് കഴക്കൂട്ടം. കൊല്ലത്ത് ഇരവിപുരം ലീഗ് സ്ഥിരമായി മത്സരിക്കുന്ന സീറ്റാണ്. 91ല്‍ ഇവിടെ നിന്ന് ജയിച്ച പികെകെ ബാവ മന്ത്രിയുമായി.
80ല്‍ ഇരവിപുരത്തും ചടയമംഗലത്തും ഒരേ സമയം ലീഗ് മത്സരിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിയിലും ആലപ്പുഴ ജില്ലയില്‍ ആലപ്പുഴ മണ്ഡലത്തിലും മുസ്ലിം ലീഗ് മത്സരിച്ചിട്ടുണ്ട്. എന്നാല്‍ പതിയെ പതിയെ ഇരവിപുരത്തെ ഒറ്റ സീറ്റില്‍ ഒതുങ്ങിയ ലീഗ് ഇത്തവണ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലയില്‍ പ്രാതിനിധ്യം ഇല്ലാത്ത പാര്‍ട്ടിയായി മാറുകയാണ്.
മുസ്‍ലിം ലീഗിന്‍റെ ദക്ഷിണ കേരളത്തിലെ നേതാക്കളിലും അണികളിലും ഇത് നിരാശ പരത്തും. എന്നാല്‍ വിജയസാധ്യതയില്ലാത്ത സ്ഥലത്ത് അധ്വാനവും പണവും ചെലവഴിക്കേണ്ടതില്ലെന്ന പ്രായോഗിക ചിന്തയാണ് ലീഗ് നേതൃത്വത്തിന്‍റേത്. ലീഗിനെയും അതിലൂടെ ദക്ഷിണ കേരളത്തിലെ മുസ്‍ലികളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെയും പ്രതികൂലമായി ബാധിക്കുന്നതാവും ഈ നടപടിയെന്ന വിലയിരുത്തലും ഉയര്‍ന്നിട്ടുണ്ട്. തദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ സീറ്റു പങ്കുവെക്കലിനെയും ഇതു ബാധിക്കുമെന്നും പാര്‍ട്ടിയില്‍ ആശങ്കയുണ്ട്. ഇന്ത്യന്‍ യൂണിയന്‍ മുസ്‍ലിം ലീഗില്‍ നിന്ന് കേരള യൂണിയന്‍ ലീഗായി ഏറെക്കുറെ മാറിയ പാര്‍ട്ടി മലബാര്‍ യൂണിയന്‍ മുസ്‍ലിം ലീഗായി മാറുന്നുവെന്ന ആക്ഷേപത്തിന് ബലം നല്‍കുന്നതാവും ദക്ഷിണ കേരളത്തില്‍ നിന്നുള്ള ഈ പിന്മാറ്റം.