ഓവര്‍സിയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിട്ട് അഞ്ചാംവര്‍ഷം; ഇനിയും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ പിഎസ്‍സി
തിങ്കളാഴ്ച പി എസ് സി ആസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഉദ്യോഗാര്‍ഥികള്‍
അപേക്ഷ ക്ഷണിച്ച് അഞ്ചാം വര്‍ഷത്തിലേക്ക് കടന്നിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ പി എസ് സി. ഓവര്‍സിയര്‍ തസ്തികയിലേക്ക് നിയമനം കാത്തിരിക്കുന്ന നൂറുകണക്കിനു ഉദ്യോഗാര്‍ഥികളാണ് പി എസ് സിയുടെ നടപടിമൂലം പ്രതിസന്ധിയിലായിരിക്കുന്നത്. തിങ്കളാഴ്ച പി എസ് സി ആസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഉദ്യോഗാര്‍ഥികള്‍.
പൊതുമരാമത്തു വകുപ്പിലും തദ്ദേശസ്വയംഭരണ വകുപ്പിലും ഓവര്‍സിയര്‍ തസ്തികയിലേക്ക് 2012 ലാണ് പി എസ് സി അപേക്ഷ ക്ഷണിച്ചത്. രണ്ട് വര്‍ഷം വൈകി 2014 ല്‍ പരീക്ഷ നടത്തി. 7000 പേരാണ് പരീക്ഷയെഴുതിയത്. ഒന്നര വര്‍ഷത്തിനു ശേഷമാണ് സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചത്. 1500 ഓളം ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിട്ടും റാങ്ക് പട്ടിക തയ്യാറാക്കാന്‍ പി എസ് സിയുടെ ഭാഗത്തു നിന്നും നടപടി ഒന്നും ഉണ്ടായിട്ടില്ല.
പരീക്ഷയെഴുതി കാത്തിരിക്കുന്ന പലര്‍ക്കും പ്രായപരിധി കഴിഞ്ഞതിനാല്‍ മറ്റു പരീക്ഷകളെഴുതാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതിനെതിരെ പി എസ് സി ആസ്ഥാനത്ത് തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഉദ്യോഗാര്‍ത്ഥികള്‍.