അഭയ കേസ്: ഫാദര്‍ ജോസ് പുതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

Update: 2018-05-19 16:36 GMT
അഭയ കേസ്: ഫാദര്‍ ജോസ് പുതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി
Advertising

ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ വിടുതല്‍ ഹരജി കോടതി തള്ളി.

അഭയ കേസിൽ രണ്ടാം പ്രതിയായ ഫാദർ ജോസ് പുതൃക്കയിലിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. ഒന്നാം പ്രതി തോമസ് എം കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും സമർപ്പിച്ച വിടുതൽ ഹരജികൾ കോടതി തള്ളി. ഹരജി നൽകി ഏഴ് വർഷത്തിന് ശേഷമാണ് കോടതി വിധി പറഞ്ഞത്.

Full View

1992 മാർച്ച് 27ന് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിലാണ് സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് 1993 മാർച്ച് 29നാണ് സിബിഐ ഏറ്റെടുത്തത്. അന്വേഷണം തുടങ്ങി 16 വർഷത്തിന് ശേഷമാണ് വികാരിമാരായ തോമസ് കോട്ടൂർ, ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ അറസ്റ്റ് ചെയ്തത്. 7 വർഷം മുൻപ് പ്രതികൾ നൽകിയ വിടുതൽ ഹരജിയിലാണ് കോടതി ഇന്ന് വിധി പറഞ്ഞത്.

രണ്ടാം പ്രതിയായ പുതൃക്കയിൽ കൊലപാതകത്തിൽ പങ്കാളിയായെന്ന് സമർപ്പിക്കപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിൽ നിഗമനത്തിലെത്താൻ കഴിയില്ലെന്ന് വിലയിരുത്തിയാണ് കോടതി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ ഒന്നും മൂന്നും പ്രതികൾ കുറ്റകൃത്യത്തിൽ പങ്കാളികളാണെന്നും കോടതി വ്യക്തമാക്കുന്നുണ്ട്. കീഴ്ക്കോടതി വിധിക്കെതിരെ അപ്പീൽ പോകാനുള്ള നീക്കത്തിലാണ് സിബിഐ. രണ്ട് വികാരിമാരും കന്യാസ്ത്രീയുമായുള്ള വഴിവിട്ട ബന്ധം കണ്ടതിനെ തുടർന്ന് മൂവരും ചേർന്ന് അഭയയെ കൊലപ്പെടുത്തിയെന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്.

കേസിലെ തെളിവ് നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനും ക്രൈംബ്രാഞ്ച് എസ്പി ആയിരുന്ന കെ ടി മൈക്കിളിനെ നാലാം പ്രതിയാക്കാൻ ഈ 22ന് കോടതി ഉത്തരവിട്ടിരുന്നു.

Tags:    

Similar News