സരിതയുടെ കത്ത് ഒഴിവാക്കിയത് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും തിരിച്ചടിയായി
പ്രത്യേക അന്വേഷണ സംഘമുള്‍പ്പെടെ സര്‍ക്കാരെടുത്ത നടപടികള്‍ ഇതോടെ പിന്‍വലിക്കേണ്ടി വരും
സോളാര്‍ റിപ്പോര്‍ട്ടില്‍ നിന്ന് സരിതയുടെ കത്ത് ഒഴിവാക്കികൊണ്ടുള്ള ഹൈക്കോടതി വിധി ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസിനും ആശ്വാസവും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും തിരിച്ചടിയുമാണ്. പ്രത്യേക അന്വേഷണ സംഘമുള്‍പ്പെടെ സര്‍ക്കാരെടുത്ത നടപടികള്‍ ഇതോടെ പിന്‍വലിക്കേണ്ടി വരും.
റിപ്പോര്‍ട്ട് ഫലത്തില്‍ അപ്രസക്തമായെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു . വിധി പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 1078 പേജുള്ള ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ 800 പേജുകളും സരിതയുടെ വിവാദ കത്തുമായി ബന്ധപ്പെട്ടതായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വാദം. ഇത് ഹൈക്കോടതി റദ്ദാക്കിയത് ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസിനും വലിയ നേട്ടമായി.
റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ചെന്നിത്തലയും പ്രതികരിച്ചു. ഉമ്മന്‍ചാണ്ടിയുള്‍പ്പെട ഒരു ഡസന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ലൈംഗികാരോപണങ്ങളില്‍ ഉള്‍പ്പെടെ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് വിധി കനത്ത തിരിച്ചടിയായി. വിധി പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രസക്തിയും നഷ്ടപ്പെട്ടു. മറ്റു തുടര്‍നടപടികളുടെ ഭാവിയും തുലാസിലായി. മുഖ്യമന്ത്രി മാപ്പു പറയണമെന്ന് എം എം ഹസന്‍ ആവശ്യപ്പെട്ടു. സരിതയുടെ കത്ത് ഒഴിവാക്കിയതിലൂടെ തനിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് തിരുവഞ്ചൂരും പ്രതികരിച്ചു.