സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നാളെ

Update: 2018-05-24 07:33 GMT
Editor : admin
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നാളെ
Advertising

ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നാളെ ചേരും. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ സെക്രട്ടറിയേറ്റ് അന്തിമ ധാരണയിലെത്തുമെന്നാണ് സൂചന. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

തര്‍ക്കങ്ങളും പ്രതിഷേധങ്ങളും അവസാനിപ്പിച്ച് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ അന്തിമധാരണയിലെത്താനാണ് സിപിഎം ഒരുങ്ങുന്നത്.നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പാര്‍ട്ടി മത്സരിക്കുന്ന മുഴുവന്‍ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അവസാനതീരുമാനത്തിലെത്തും.ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.ഈ മാസം ആദ്യം ചേര്‍ന്ന നേതൃയോഗത്തില്‍ പകുതിയോളം ഇടങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാര്‍ട്ടി ധാരണയിലെത്തിയിരുന്നു.വിജയ സാധ്യതയും തര്‍ക്കങ്ങളും പരിഗണിച്ച് ചില മണ്ഡലങ്ങളിലെ പട്ടിക സംസ്ഥാന നേതൃത്വം ജില്ല ഘടകങ്ങള്‍ക്ക് തിരിച്ചയക്കുകയും ചെയ്തു. ഈ സ്ഥലങ്ങളില്‍ ജില്ല ഘടകം അവസാനമായി നല്‍കിയ പട്ടികയായിരിക്കും സെക്രട്ടറിയേറ്റ് പരിഗണിക്കുക. ഇതിനെതിരെ പ്രാദേശികമായി ഇപ്പോഴും ഉയരുന്ന പ്രതിഷേധങ്ങള്‍ അവഗണിക്കാന്‍ തന്നെയാണ് സംസ്ഥാന നേതൃത്വത്തിന്റ നിലപാട്.

തര്‍ക്കമുണ്ടായിരുന്ന കൊല്ലത്ത് നടന്‍ മുകേഷിന്റയും ആറന്‍മുളയില്‍ വീണാ ജോര്‍ജിന്റെയും സ്ഥാനാര്‍ത്ഥിത്വത്തിന് സെക്രട്ടറിയേറ്റ് ഇതിനകം തന്നെ അംഗീകാരം നല്‍കിയിട്ടുണ്ട്.തര്‍ക്കം ഉണ്ടായിരുന്ന ചെങ്ങന്നൂരില്‍ കെ.കെ രാമചന്ദ്രന്‍ നായരുടെയും കായംകുളത്ത് യു പ്രതിഭഹരിയുടെയും പേരുകളാണ് ജില്ല കമ്മറ്റി ഒടുവില്‍ നിര്‍ദേശിച്ചത്. ഇതും സെക്രട്ടറിയേറ്റ് അംഗീകരിക്കാനാണ് സാധ്യത.എന്നാല്‍ തൃപ്പൂണിത്തറയില്‍ സി.എം ദിനേശ് മണിയെയും തൃക്കാക്കരയില്‍ സെബാസ്റ്റ്യന്‍ പോളിനെയും നിശ്ചയിച്ച് എറണാകുളം ജില്ലാകമ്മറ്റി നല്‍കിയ പട്ടികയില്‍ തിരുത്തല്‍ ഉണ്ടായേക്കും.വടക്കാഞ്ചേരിയില്‍ മത്സരിക്കാനില്ലെന്ന് കെപിഎസി ലളിത പ്രഖ്യാപിച്ച സാഹചര്യത്തില്‍ പകരം സ്ഥാനാര്‍ത്ഥിയേയും സെക്രട്ടറിയേറ്റ് തീരുമാനിക്കും.ഘടകക്ഷികളുമായി വെച്ചുമാറാന്‍ ഉദ്ശിക്കുന്ന മണ്ഡലങ്ങിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പിന്നീട് നടത്താനാണ് നേതൃത്വത്തിന്റ ആലോചന.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News