പുന്നപ്ര വയലാര്‍ സ്മരണക്ക് എഴുപത്
വാര്‍ഷികാചരണത്തിന് സിപിഎമ്മും സിപിഐയും ചേര്‍ന്ന് വിപുലമായ പരിപാടികള്‍ക്കാണ് രൂപം കൊടുത്തിരിക്കുന്നത്.
ചരിത്രപ്രസിദ്ധമായ പുന്നപ്രവയലാര്‍ വിപ്ലവ സ്മരണക്ക് എഴുപത് തികയുന്നു. തിരുവിതാംകൂര്‍ ദിവാന്‍ സര്‍.സിപി രാമസ്വാമി അയ്യരുടെ നയങ്ങള്‍ക്കെതിരെ ചേര്‍ത്തല അമ്പലപ്പുഴ താലുക്കിലെ പോരാട്ടമാണ് ചരിത്രത്തിന്റെ ഭാഗമായത്. വാര്‍ഷികാചരണത്തിന് സിപിഎമ്മും സിപിഐയും ചേര്‍ന്ന് വിപുലമായ പരിപാടികള്‍ക്കാണ് രൂപം കൊടുത്തിരിക്കുന്നത്.
കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തില്‍ രക്ത ലിപികളിലാണ് പുന്നപ്രവയലാര്‍ സമരം അടയാളപ്പെടുത്തിയിരിക്കുന്നത്. സര്‍ സിപിയുടെ നയങ്ങള്‍ക്കെതിരെ നടന്ന ഐതിഹാസിക പോരാട്ടം വെടിവയ്പ്പിലും മരണങ്ങളിലുമാണ് കലാശിച്ചത്. 1946 ഒക്ടോബര്‍ 24ന് പുന്നപ്രയിലെ പോലീസ് ക്യാമ്പിലേക്ക് നടന്ന മാര്‍ച്ച് വെടിവെയ്പില്‍ കലാശിച്ചു. 25ന് കാട്ടൂരിലും, 26ന് മാരാരിക്കുളത്തും, 27ന് വയലാറിലും മേനാശ്ശേരിയിലും, ഒതളയിലും വെടിവെപ്പുണ്ടായി.
വിവിധ ഘട്ടങ്ങളിലായ് നടന്ന സമരങ്ങളില്‍ നൂറ് കണക്കിന് തൊഴിലാളികളാണ് മരിച്ചത്. തിരുവിതാംകൂര്‍ ദിവാന് കീഴില്‍ എണ്ണായിരത്തിലേറെ വരുന്ന പോലീസും നാലായിരത്തിലധികം വരുന്ന പട്ടാളത്തേയും ഉപയോഗിച്ചാണ് സമരത്തെ നേരിട്ടത്. യന്ത്രത്തോക്കുകളുമായെത്തിയ പട്ടാളത്തോട് കല്ലും വാരിക്കുന്തവും കൊണ്ടായിരുന്നു സമരക്കാര്‍ പോരടിച്ചത്.
1947 മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അനുസ്മരണം നടത്തി. പാര്‍ട്ടി പിളര്‍പ്പിന് ശേഷം രണ്ടായാണ് അനുസ്മരണം നടത്തിയതെങ്കിലും 1980 മുതല്‍ ഒന്നിച്ചാണ് അനുസ്മരണം നടത്തുന്നത്. എഴുപതാം വാര്‍ഷികമായ ഇത്തവണ ഇരു പാര്‍ട്ടികളുടേയും ദേശീയനേതാക്കള്‍ പങ്കെടുക്കുന്ന വ്യത്യസ്ത പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.