ബാബുവിന്റെ കൊലപാതകം ആര്‍എസ് എസ് -ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കോടിയേരി
മാഹി പോലീസിന്റെ ഒത്താശയോടെയാണ് കൊലപാതകം നടന്നതെന്നും അന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പ്പിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു
മാഹി പളളൂരിലെ സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പോലീസിനെ വിമര്‍ശിച്ച് കോടിയേരി ബാലകൃഷ്ണന്‍. മാഹി പോലീസിന്റെ ഒത്താശയോടെയാണ് കൊലപാതകം നടന്നതെന്നും അന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പ്പിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കലക്ടര്‍ വിളിച്ചു ചേര്‍ത്ത ഉഭയകക്ഷി ചര്‍ച്ച ഇന്ന് നടക്കും.
രാവിലെ 9.30 ഓടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പളളൂരില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ചത്. പ്രദേശത്ത് അക്രമിക്കപ്പെട്ട വി.എച്ച്.പി പ്രവര്‍ത്തകന്റെ വീടും കോടിയേരി സന്ദര്‍ശിച്ചു. മാഹി പോലീസിന്റെ ഒത്താശയോടെയാണ് ബാബുവിന്റെ കൊലപാതകം നടന്നതെന്നും കേസിന്റെ അന്വേഷണം പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
പുതുച്ചേരി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി രവിചന്ദ്രന്‍, വൈസ് പ്രസിഡണ്ട് ദുരൈ ഗണേഷ്, മഹിള മോര്‍ച്ച അഖിലേന്ത്യ ജനറല്‍ സെക്രട്ടറി വിക്ടോറിയ ഗൗരി തുടങ്ങിയവരുടെ നേതൃത്വത്തിലുളള സംഘം ന്യൂമാഹിയില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ ഷമേജിന്റെ വീട് സന്ദര്‍ശിച്ചു.
സി.പി.എം പ്രവര്‍ത്തകന്‍ ബാബുവിന്റെ കൊലപാതകത്തില്‍ ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു. മാഹിയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് കണ്ണൂരില്‍ ഇരു പാര്‍ട്ടികളുടെയും നേതാക്കളെയും കലക്ടര്‍ ഉഭയകക്ഷി ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. വൈകിട്ട് ആറ് മണിക്ക് കലക്ടറുടെ ചേംബറിലാണ് ചര്‍ച്ച.