കണിയും കൈനീട്ടവുമായി മലയാളികള്‍ക്ക് ഇന്ന് വിഷു
സമൃദ്ധിയുടെ നേര്‍ക്കാഴ്ച്ചകളിലേക്ക് മലയാളി കണി കണ്ടുണരുന്ന ദിവസമാണ് വിഷു.
ഇന്ന് വിഷു. സമൃദ്ധിയുടെ നേര്‍ക്കാഴ്ച്ചകളിലേക്ക് മലയാളി കണി കണ്ടുണരുന്ന ദിവസമാണ് വിഷു. ഐതിഹ്യങ്ങള്‍ പലതുണ്ടെങ്കിലും കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടാണ് വിഷു ആഘോഷിക്കുന്നത്. വിഷുക്കണി കണ്ടുണര്‍ന്ന മലയാളികള്‍ വിഷുക്കൈ നീട്ടം നല്‍കിയും വിഭവങ്ങളൊരുക്കിയും ആഘോഷത്തിന്റെ തിരക്കിലാണ്.
മേടസംക്രാന്തി ദിനത്തിലാണ് വിഷു ആഘോഷിക്കുന്നത്. ഐശ്വര്യപൂര്‍ണമായ വരും വര്‍ഷത്തെ സമ്പദ് കാഴ്ചകളിലേക്ക് കണി കണ്ടുണരുന്ന ദിവസം. ഓട്ടുരുളിയില്‍ ഫലവര്‍ഷങ്ങളും ധാന്യങ്ങളും നാളികേരവും കൃഷ്ണവിഗ്രഹവും കൊന്നപ്പൂവും ഒരുക്കിയാണ് കണിവെക്കുക. ഒപ്പം രാമായണവും ഉണ്ടാകും. പുലര്‍ച്ചെ എഴുന്നേറ്റ് വീട്ടിലെ മുതിര്‍ന്നവര്‍ കണിയൊരുക്കും. പിന്നീട് കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ കണി കാണിക്കും. കണികണ്ടതിന് ശേഷം കൈനീട്ടം നല്‍കലും പതിവാണ്
വിഷുവിന്റെ പ്രധാന ആകര്‍ഷണം പടക്കമാണ്. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും കുട്ടികളും വിഷുവിനെ ആഘോഷിക്കുന്നു