വേങ്ങരയില്‍ സോളാര്‍ വിഷയമുയര്‍ത്താന്‍ എല്‍ഡിഎഫ്
എന്നാല്‍ സോളാര്‍ വിഷയം ഇത് ഒരു തരത്തിലും യുഡിഎഫിനെ ബാധിക്കില്ലെന്ന വിശ്വാസത്തിലാണ് നേതൃത്വം.
സോളാര്‍ വിഷയം വേങ്ങരയില്‍ പ്രചാരണായുധമാക്കാനൊരുങ്ങി ഇടതു മുന്നണി. സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച സാഹചര്യത്തിലാണ് ഇടതു മുന്നണിയുടെ ഈ തീരുമാനം. എന്നാല്‍ സോളാര്‍ ചര്‍ച്ചകള്‍ വേങ്ങരയില്‍ ബാധിക്കില്ലെന്ന വിശ്വാസത്തിലാണ് യുഡിഎഫ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ തകര്‍ത്ത പ്രധാന വിഷയങ്ങളിലൊന്ന് സോളാര്‍ കേസായിരുന്നു. പുതിയ സാഹചര്യത്തില്‍ സോളാര്‍ വിഷയം വീണ്ടുമുയര്‍ത്താനാണ് ഇടതുമുന്നണിയുടെ തീരുമാനം. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്ട്ടില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇതു മൂലം സോളാര്‍ വിഷയത്തെ രാഷ്ട്രീയ ജീര്‍ണതയായി ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്താനുള്ള ഒരുക്കത്തിലാണ് ഇടതു മുന്നണി.
എന്നാല്‍ ഇത് ഒരു തരത്തിലും യുഡിഎഫിനെ ബാധിക്കില്ലെന്ന വിശ്വാസത്തിലാണ് നേതൃത്വം. സോളാര്‍ വിഷയം സജീവ ചര്‍ച്ചയായ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ 38057 വോട്ടിന്റെ ഭൂരിപക്ഷമാണ് പി കെകുഞ്ഞാലിക്കുട്ടി നേടിയത്. ഈ ചരിത്രം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം.