ഹാദിയക്കേസ് മാര്‍ച്ച്; രണ്ട് പേരെ അറസ്റ്റ് ചെയ്തു
എസിഡിപിഐ പ്രവര്‍ത്തകരായ സഹീര്‍, മുഹമ്മദ് ഷെരീഫ് എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്
ഹാദിയ കേസില്‍ ഹൈക്കോടതിയിലേക്ക് മുസ്ലീം ഏകോപന സമിതി മാര്‍ച്ച് നടത്തിയതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തു. എസിഡിപിഐ പ്രവര്‍ത്തകരായ സഹീര്‍, മുഹമ്മദ് ഷെരീഫ് എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
3000 പേര്‍ക്കെതിരെയാണ് ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയത് കേസെടുത്തിരിക്കുന്നത്. 16 പേരെ പൊലീസ് തിരിച്ചറിയുകയും ചെയ്തു. എഫ്ഐആറിലെ ആറും എട്ടും പ്രതികളെയാണ് മറൈന്‍ ഡ്രൈവില്‍ നിന്നും പൊലീസ് അറസ്റ്റു ചെയ്തത്. ഹൈക്കോടതി ജഡ്ജിയെ വിമര്ശിക്കുക, മത സ്പര്‍ദ ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിക്കുക, ബാരിക്കേഡ് തകര്‍ക്കുക, പൊലീസിനെ ഉപദ്രവിക്കുക, ഗതാഗതം തടസപ്പെടുത്തുക എന്നീ കുറ്റകൃത്യങ്ങളാരോപിച്ചാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.
മെയ് 29നാണ് ഹാദിയ കേസുമായി ബന്ധപ്പെട്ട് മുസ്ലീം ഏകോപന സമിതി ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് ബാനര്‍ജി റോഡില്‍ പൊലീസ് തടയുകയായിരുന്നു. ഇസ്ലാം മതം സ്വീകരിച്ച യുവതിയുടെ വിവാഹം റദ്ദ് ചെയ്തുകൊണ്ട് കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിവാഹത്തിന് മാതാപിതാക്കളുടെ സാന്നിധ്യമില്ലെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.