റവന്യൂ വകുപ്പ് നികുതി സ്വീകരിക്കുന്നില്ല, വിലയ്ക്ക് വാങ്ങിയ ഭൂമിയില്‍ കര്‍ഷകര്‍ക്ക് ദുരിതജീവിതം
മുപ്പൈനാട് പഞ്ചായത്തില്‍ മാത്രം ആയിരം ഏക്കറിലധികം ഭൂമിക്കാണ് നികുതി സ്വീകരിക്കാത്തത്
വയനാട്ടില്‍ നാല്‍പത് വര്‍ഷം മുന്‍പ് ഹാരിസണ്‍ മലയാളം കമ്പനിയില്‍ നിന്ന് ഭൂമി വിലയ്ക്ക് വാങ്ങിയ കര്‍ഷകര്‍ ദുരിതത്തില്‍. ഹാരിസണ്‍ കമ്പനിയുടേത് അനധികൃത ഭൂമിയാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നാലു വര്‍ഷമായി ഇവരുടെ നികുതി സ്വീകരിക്കാത്തത്. മുപ്പൈനാട് പഞ്ചായത്തില്‍ മാത്രം ആയിരം ഏക്കറിലധികം ഭൂമിക്കാണ് നികുതി സ്വീകരിക്കാത്തത്.
1968 മുതല്‍ ഭൂമി കൈവശം വയ്ക്കുന്ന കര്‍ഷകരാണ് റവന്യൂവകുപ്പ് നികുതി സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് ബുദ്ധിമുട്ടുന്നത്. ഹാരിസണ്‍ മലയാളം കമ്പയില്‍ നിന്ന് ഭൂമി തീറാധാരമായി വാങ്ങുകയായിരുന്നു ഇവര്‍. മുപ്പൈനാട് പഞ്ചായത്തില്‍ മാത്രം ആയിരത്തിലധികം ഏക്കര്‍ ഭൂമി അന്ന് മലയാളം പ്ലാന്റേഷന്‍സ് വില്‍പ്പന നടത്തിയത്. 1970 മുതല്‍ കോഫി രജിസ്‌ട്രേഷന്‍ ഉള്‍പ്പടെയുള്ള രേഖകളും ഈ ഭൂമിക്കുണ്ട്. എന്നാല്‍ ഹാരിസണ്‍ മലയാളം കമ്പനിയുടെ കൈവശമുള്ളത് സര്‍ക്കാര്‍ ഭൂമിയാണെന്ന് കാണിച്ച് എം.ജി രാജമാണിക്യം റിപ്പോര്‍ട്ട് നല്‍കിയതോടെ ഇവരില്‍ നിന്ന് നികുതി സ്വീകരിക്കുന്നത് റവന്യു വകുപ്പ് നിര്‍ത്തി വെച്ചു.
നികുതിയെടുക്കുന്നത് നിര്‍ത്തിയതോടെ കര്‍ഷകര്‍ക്ക് ഭൂമി പോക്കുവരവ് ചെയ്യാനോ വില്‍പ്പന നടത്താനോ കഴിയാത്ത സ്ഥിതിയാണിപ്പോള്‍. ബാങ്ക് വായ്പയോ സര്‍ക്കാര്‍ ആനുകൂല്യങ്ങളോ ഇവര്‍ക്ക് ലഭിക്കുന്നില്ല. ഹാരിസണ്‍ കമ്പനിയും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തില്‍ ബലിയാടായത് കര്‍ഷകരായിരുന്നു. തങ്ങളുടെ നികുതിയെടുക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കണമെന്നാണ് ഇവരുടെ ആവശ്യം.