ഇടുക്കി ഡാമിന്‍റെ വൃഷ്ടിയില്‍ ചില പ്രദേശങ്ങള്‍ ഒഴിച്ച് പട്ടയം നല്‍കുന്നതിനെതിരെ പ്രതിഷേധം
ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ വൃഷ്ടിപ്രദേശമായ മൂന്നു ചെയിനിനെ ഒഴിവാക്കി പട്ടയവിതരണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളില്‍ ഇന്ന് സംയുക്ത സമരസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു
ഇടുക്കി ഡാമിന്‍റെ വൃഷ്ടിപ്രദേശമായ പത്ത് ചെയിന്‍ മേഖലയില്‍, മൂന്നു ചെയിന്‍ ഒഴിച്ച് പട്ടയം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളില്‍ ഇന്ന് സംയുക്ത സമരസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കര്‍ഷക വിരുദ്ധ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോള്‍ സിപിഎം സിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പ്രാദേശിക നേതൃത്വത്തിന്‍റെ നിലപാട് സര്‍ക്കാരിന് തലവേദനയാണ്.
ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ വൃഷ്ടിപ്രദേശമായ മൂന്നു ചെയിനിനെ ഒഴിവാക്കി പട്ടയവിതരണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. നിരവധി വീടുകളും, കൃഷിയിടങ്ങളും, പൊലീസ് സ്റ്റേഷനും, സ്കൂളുകളും, ആശുപത്രികളും അടക്കം സ്ഥിതി ചെയ്യുന്ന മേഖലയെ ഒഴിവാക്കി പട്ടയം നല്‍കാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെയാണ് സംയുക്ത സമരസമിതിയുടെ പ്രതിഷേധം. കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, ഇരട്ടയാര്‍, ഉപ്പുതറ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷത്തിനുപുറമെ സിപിഎം സിപിഐ പാര്‍ട്ടികളുടെ പ്രാദേശിക നേതൃത്വവും എതിര്‍പ്പുമായി രംഗത്തുണ്ട്.
ഇടുക്കിക്കാരന്‍ വൈദ്യുതി മന്ത്രിയും സിപിഐ റവന്യൂവകുപ്പും കൈകാര്യം ചെയ്യുന്ന ഇന്നത്തെ അവസ്ഥയില്‍ പട്ടയം ലഭിച്ചില്ലെങ്കില്‍ പിന്നീട് ഇത് സാധ്യമാകില്ലെന്നാണ് പ്രദേശവാസികളുടെ വാദം. എന്നാല്‍ ഒരുചെയിന്‍ ഒഴിച്ച് ഒന്‍പത് ചെയിനില്‍ പട്ടയം നല്‍കാനുള്ള നടപടികളാണ് യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും, ഇത് അട്ടിമറിച്ചെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.