ശബരി റെയില്‍പാതയെ കുറിച്ച് പുനരാലോചിക്കേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി

Update: 2018-05-29 09:25 GMT
Advertising

അങ്കമാലി - എരുമേലി ശബരിപാതയുടെ നിര്‍മാണ ചെലവിന്റെ 50 ശതമാനം വീതം വഹിക്കാമെന്നായിരുന്നു കേന്ദ്രവും സംസ്ഥാനവും തമ്മിലെ ധാരണ

ശബരി റെയില്‍പാത പദ്ധതിയെ കുറിച്ച് പുനരാലോചിക്കേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൌഡ. പദ്ധതിച്ചെലവിന്റെ പകുതി വഹിക്കാമെന്ന ഉറപ്പില്‍ നിന്ന് സംസ്ഥാനം പിന്മാറിയ സാഹചര്യത്തിലാണിത്. സംസ്ഥാനത്തിന്റെ സഹകരണമില്ലാത്തതിനാല്‍ കേന്ദ്ര സഹായമുള്ള പദ്ധതികള്‍ വൈകുകയാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

Full View

കേന്ദ്ര പദ്ധതികളുടെ വിലയിരുത്തലിനായി ചേര്‍ന്ന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി സദാനന്ദ ഗൌഡ. അങ്കമാലി - എരുമേലി ശബരിപാതയുടെ നിര്‍മാണ ചെലവിന്റെ 50 ശതമാനം വീതം വഹിക്കാമെന്നായിരുന്നു കേന്ദ്രവും സംസ്ഥാനവും തമ്മിലെ ധാരണ. എന്നാല്‍ പണമില്ലാത്തതിനാല്‍ മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.

150 കോടിക്ക് മുകളില്‍ വരുന്ന 21 പദ്ധതികളുടെ വിലയിരുത്തലാണ് പൂര്‍ത്തിയായത്. ഇവയില്‍ മാത്രം നേരത്തെ കണക്കുകൂട്ടിയതിനെക്കാള്‍ 6097 കോടി അധിക ചെലവ് കണക്കാക്കുന്നു. ഭൂമിയേറ്റെടുക്കലിലെയും പാരിസ്ഥിതിക അനുമതി നല്‍കുന്നതിലെയും കാലവിളംബമാണ് കാരണം.

പുതുവൈപ്പിന്‍ ഐഒസി ടെര്‍മിനല്‍ 2019 മെയില്‍ പൂര്‍ത്തിയാക്കും. സമരക്കാര്‍ പിന്മാറുമെന്നാണ് പ്രതീക്ഷ. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം അടുത്ത വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Tags:    

Similar News