'കൊടകര കുഴൽപ്പണ കേസിൽ സിപിഎം-ബിജെപി ബന്ധം വ്യക്തം'; വി.ഡി സതീശൻ

പണം എവിടെ നിന്ന് വന്നു, എവിടേക്ക് പോയി എന്നത് കേരള പൊലീസ് പുറത്തു വിട്ടില്ലെന്നും സതീശൻ

Update: 2024-11-01 07:51 GMT
Advertising

കോഴിക്കോട്: കൊടകര കുഴൽപ്പണ കേസിൽ സിപിഎം-ബിജെപി ബന്ധം വ്യക്തമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പണം എവിടെ നിന്ന് വന്നു, എവിടേക്ക് പോയി എന്നത് കേരള പൊലീസ് പുറത്തു വിട്ടില്ലെന്നും, ബിജെപി നേതാക്കളുടെ പങ്ക് വ്യക്തമായിട്ടും ഒരു സമ്മർദവും സംസ്ഥാന സർക്കാർ ചെലുത്തിയില്ലെന്നും വി.ഡി സതീശൻ വിമർശിച്ചു.

സതീശന്റെ വാക്കുകൾ:

"കൊടകര കേസ് അന്വേഷിച്ച പൊലീസിനറിയാം അതെവിടെ നിന്ന് വന്നു എന്നും എവിടേക്ക് പോയി എന്നും. അതാരുടെ പണമാണെന്നോ അതെവിടെ ആണെന്നോ പൊലീസ് വ്യക്തമാക്കിയിട്ടില്ല. വന്ന പൈസയിൽ മൂന്നരക്കോടി മാത്രമാണ് ആലപ്പുഴയ്ക്ക് പോയത്. ബാക്കി പണം തൃശൂരിലെ ഓഫീസിൽ കെട്ടിവെച്ച് ചെലവാക്കി. ബിജെപി സംസ്ഥാന നേതൃത്വത്തിനും മറ്റ് നേതാക്കൾക്കും കൃത്യമായ പങ്കുണ്ടതിൽ. എന്നിട്ട് ഇ.ഡി എന്ത് നടപടി എടുത്തു? മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഇഡി, പിഎംഎൽഎ എല്ലാം വരും. കള്ളപ്പണം ആണെന്ന് മനസ്സിലായിട്ടും എന്തെങ്കിലും നടപടിയുണ്ടായോ?

സംസ്ഥാന സർക്കാരിനും പൊലീസിനും കൃത്യമായറിയാം ബിജെപിയുടെ പങ്ക്. ഒരു സമ്മർദവും കേന്ദ്രത്തിന് മേലെയോ കേരളത്തിലെ ബിജെപിക്ക് മേലെയോ സംസ്ഥാന സർക്കാർ ചെലുത്തിയിട്ടില്ല. സിപിഎം-ബിജെപി അവിഹിത ബന്ധത്തിന്റെ തെളിവാണത്. പൂരം കലക്കൽ, ആർഎസ്എസ്-എഡിജിപി കൂടിക്കാഴ്ച ഇതൊക്കെയാണ് മറ്റ് തെളിവുകൾ. പരസ്പരം സഹായിക്കുകയാണ് ഇരുകൂട്ടരും. കൊടകര കേസിൽ ആധികാരികമായ വിവരങ്ങൾ അല്ലേ മുൻ ഓഫീസ് സെക്രട്ടറി പറഞ്ഞത്. അയാൾക്കെതിരെ ആരോപണമുന്നയിച്ചിട്ട് കാര്യമുണ്ടോ. ആലപ്പുഴയ്ക്ക് മാത്രം മൂന്നരക്കോടി പോയി. അപ്പോൾ ആകെ എത്ര കോടി ഉണ്ടായിരുന്നിരിക്കണം.

പാലക്കാട് തെരഞ്ഞെടുപ്പിലെ ഒരു കാര്യം കൂടി പറയാം. പാലക്കാട് രണ്ട് സ്ഥാനാർഥികളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അപരൻമാരായി നിന്നത്. അവരെ നിർത്തിയത് സിപിഎമ്മും ബിജെപിയും. യുഡിഎഫ് സ്ഥാനാർഥിക്ക് എതിരായി മാത്രം അപരന്മാർ മതിയെന്ന് രണ്ട് കൂട്ടരും തീരുമാനിച്ചു. ഇരുവരുടെയും പരസ്പര ധാരണ മനസ്സിലാക്കാൻ വേറെന്ത് വേണം".

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News