കുമരകത്തെ കായല്‍ കയ്യേറ്റം സ്ഥിരീകരിച്ച് താലൂക്ക് റീസര്‍വേ റിപ്പോര്‍ട്ട്
2013ല്‍ നടത്തിയ റീസര്‍വേയില്‍ 7 റിസോര്‍ട്ടുകളുടെ ഉള്‍പ്പെടെ 12 കയ്യേറ്റങ്ങള്‍ കണ്ടെത്തിയിരുന്നു
കുമരകത്തെ കായല്‍ കയ്യേറ്റം സ്ഥിരീകരിച്ച് താലൂക്ക് റീസര്‍വേ റിപ്പോര്‍ട്ട്. 2013ല്‍ നടത്തിയ റീസര്‍വേയില്‍ 7 റിസോര്‍ട്ടുകളുടെ ഉള്‍പ്പെടെ 12 കയ്യേറ്റങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ റീസര്‍വേയില്‍ കയ്യേറ്റം കണ്ടെത്തിയിട്ടും യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. റീസര്‍വേയുടെ വിശദമായ റിപ്പോര്‍ട്ട് മീഡിയവണിന് ലഭിച്ചു.
2013ലാണ് കോട്ടയം താലൂക്ക് സര്‍വ്വയര്‍ കുമരകത്തെ റിസോര്‍ട്ടുകളുടെ കൈവശമുള്ള സ്ഥലങ്ങള്‍ റീസര്‍വേ നടത്തിയത്. ഈ റിസര്‍വേയില്‍7 റിസോര്‍ട്ടുകളും 3 ക്ലബുകളും അടക്കം 12 പേര്‍ 15 ഏക്കറോളം കായല്‍ കയ്യേറിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. റിസോര്‍ട്ടുകളായ ബാക്ക് വാട്ടര്‍ റിപ്പിള്‍സ്, സൂരി, ലേക്ക്, ലേക്ക് സോംഗ്, കൊക്കോബേ, ഹോട്ടല്‍ അബാദ് തുടങ്ങിയവയാണ് കയ്യേറ്റക്കാരില്‍ മുന്‍നിരയിലുള്ളത്. സൂരി റിസോര്‍ട്ട് ബോട്ട് ജെട്ടി നര്‍മ്മിക്കാന്‍ ഉള്‍പ്പെടെ കയ്യേറിയത് 14 സെന്റ് കായല്‍ ഭൂമിയാണ്.ബാക്ക് വാട്ടര്‍ റിപ്പിള്‍സ് 6.47 സെന്റ് പുറമ്പോക്കും 82 സെന്റ് കായലും കയ്യേറിയിട്ടുണ്ട്.
ഹോട്ടല്‍ അബാദ് കയ്യേറിയത് നിര്‍മ്മാണം നടത്തിയത് 8.6 സെന്റും കുറ്റി നാട്ടി കയ്യേറിയത് 13 സെന്റുമാണ്.സമാനമായ രീതിയിലാണ് മറ്റ് കയ്യേറ്റങ്ങളും. കുമരകം അയ്മനം പഞ്ചായത്തുകളിലെ ബ്ലോക്ക് 10,11,12 എന്നിവടങ്ങളിലുള്ള സര്‍വ്വേ നമ്പരുകളിലാണ് കയ്യേറ്റങ്ങള്‍. റീസര്‍വെയില്‍ കയ്യേറ്റങ്ങള്‍ അളന്ന് തിരിച്ച് കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. 2013ല്‍ റീസര്‍വ്വേ കഴിഞ്ഞുവെങ്കിലും പരാതിക്കാരനില്ലെന്ന കാരണത്താല്‍ ഇതുവെര യാതൊരു തുടര്‍നടപടിയും ഉണ്ടായിട്ടില്ല. നേരത്തെ മീഡിയവണ്‍ പുറത്ത് വിട്ട താലൂക്ക് തഹസില്‍ദാറുടെ റിപ്പോര്‍ട്ടും ഈ റീസര്‍വെയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ്.