ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 26ലേക്ക് മാറ്റി
വീണ്ടും ജാമ്യാപേക്ഷ എന്തിനാണ് നല്‍കിയതെന്ന് കോടതി
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 26ലേക്ക് മാറ്റി. മുന്‍പ് നല്‍കിയ ജാമ്യാപേക്ഷകള്‍ തള്ളിയ സാഹചര്യത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നിട്ടുണ്ടോയന്ന് കോടതി ചോദിച്ചു. സാഹചര്യങ്ങളില്‍ മാറ്റമില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അതേസമയം സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.
മുന്‍പ് രണ്ട് തവണയും ജാമ്യാപേക്ഷ തള്ളിയ ജസ്റ്റിസ് സുനില്‍ തോമസിന്‍റെ ബഞ്ചില്‍ തന്നെയാണ് ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണനയ്ക്കെത്തിയത്. നേരത്തെ ജാമ്യം തള്ളിയ സാഹചര്യത്തില്‍ മാറ്റമില്ലെങ്കില്‍ ഹരജി പരിഗണിക്കേണ്ടതുണ്ടോയെന്ന് കോടതി വാക്കാല്‍ ചോദിച്ചു. കേസുമായി ബന്ധപ്പെട്ട മറ്റ് ജാമ്യഹരജികള്‍ 25ന് പരിഗണിക്കുന്നതിനാല്‍ അതിനു ശേഷം ദിലീപിന്‍റെ ജാമ്യഹരജി പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
കേസിലെ സാക്ഷികളെ സ്വാധീനിച്ചിട്ടില്ലെന്നും 50 കോടി രൂപയുടെ സിനിമാ പ്രൊജക്ടുകൾ അവതാളത്തിലാണെന്നും ചൂണ്ടികാട്ടിയാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പിച്ചത്. പരസ്യ സംവിധായകൻ ശ്രീകുമാർ മേനോന് തന്നോട് ശത്രുതയുണ്ട്, സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യർ ആദ്യം തന്നെ ആരോപണം ഉന്നയിച്ചിരുന്നു, മഞ്ജുവിന് എഡിജിപി സന്ധ്യക്കുമായി അടുത്ത ബന്ധമുണ്ട്, ജയിലിൽ നിന്ന് ഫോണും കത്തും വന്ന കാര്യം ഏപ്രിൽ 10 മുതൽ 22 വരെയുള്ള തീയതികളിൽ പലപ്പോഴായി ഡിജിപിയെ അറിയിച്ചിട്ടുണ്ട്, പൾസർ സുനിക്കെതിരെ കേസുകളുണ്ട്, ഇയാൾ സ്ഥിരം കുറ്റവാളിയാണ്, ഇയാളുടെ മൊഴിയാണ് പൊലീസ് വിശ്വാസത്തിൽ എടുത്തിരിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.