"കറുത്തിട്ടാണ്, മുഷിഞ്ഞിട്ടാണ് പിന്നെ വിശന്നിട്ടും"; അട്ടപ്പാടിയിലെ ആള്‍ക്കൂട്ട കൊലയ്ക്കെതിരെ സോഷ്യല്‍ മീഡിയ

Update: 2018-05-30 22:33 GMT
"കറുത്തിട്ടാണ്, മുഷിഞ്ഞിട്ടാണ് പിന്നെ വിശന്നിട്ടും"; അട്ടപ്പാടിയിലെ ആള്‍ക്കൂട്ട കൊലയ്ക്കെതിരെ സോഷ്യല്‍ മീഡിയ
Advertising

പാലക്കാട് അട്ടപ്പാടിയില്‍ ഭക്ഷണസാധനങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഇരമ്പുന്നു.

പാലക്കാട് അട്ടപ്പാടിയില്‍ ഭക്ഷണസാധനങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി യുവാവായ മധുവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഇരമ്പുന്നു. മോഷ്ടാവെന്ന് ആരോപിച്ച് യുവാവിനെ അതിക്രൂരമായി മര്‍ദ്ദിച്ച ശേഷം അക്രമികളെടുത്ത സെല്‍ഫി കൂടി പുറത്തായതോടെ കൊലയാളികള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്.

ആ യുവാവ് വിശന്നിട്ടാണ് ഒരു നേരത്തെ ഭക്ഷണമെടുത്തത്, അല്ലാതെ കോടികളല്ല മോഷ്ടിച്ചുകൊണ്ടുപോയതെന്ന് തല്ലിക്കൊന്ന ആ ആള്‍ക്കൂട്ടത്തെ ഓര്‍മിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍.

കാട് കയ്യേറി അവിടെയുള്ള മനുഷ്യരുടെ വിഭവങ്ങള്‍ അപഹരിച്ച് നാട്ടില്‍ സുഖലോലുപരായി കഴിയുന്ന നമ്മള്‍ നാട്ടുവാസികള്‍ ഈ ആള്‍ക്കൂട്ട കൊലപാതകത്തിലൂടെ വര്‍ണവെറിയുടെയും വംശവെറിയുടെയും വിഷമാണ് പുറന്തള്ളിയിരിക്കുന്നതെന്ന് വരയിലൂടെയും എഴുത്തിലൂടെയും വിളിച്ചുപറയുകയാണ് സോഷ്യല്‍ മീഡിയ.

ഉത്തരേന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഇവിടെ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഇനിയും നമ്മളെങ്ങനെ നമ്പര്‍ വണ്‍ എന്ന് അവകാശപ്പെടുമെന്ന സ്വയം വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

ആ യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം സെല്‍ഫിയെടുത്ത യുവാവും ചിന്തിച്ചിട്ടുണ്ടാവുക ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് ഒരു കൊടുംകുറ്റവാളിയെ പിടികൂടിയതിന്‍റെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുക എന്നാവും. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന് വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഷെയര്‍ ചെയ്യപ്പെട്ട നുണകളുടെ പേരില്‍ ആക്രമണത്തിന് വിധേയരായ കറുത്തവരും മുഷിഞ്ഞവരും ട്രാന്‍സ്ജെന്‍ഡേഴ്സുമല്ലാം കേരളത്തിന്‍റെ ആള്‍ക്കൂട്ട വിചാരണയ്ക്ക് എങ്ങനെ വിധേയമാകുന്നുവെന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് അട്ടപ്പാടിയിലെ സംഭവം.

#Justiceformadhu #Attappadi എന്നിങ്ങനെ ഹാഷ് ടാഗ് ക്യാംപെയിനുകളും സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ കൂട്ടായ്മകള്‍ കേരളത്തിന്‍റെ പല ഭാഗങ്ങളിലും പ്രതിഷേധ യോഗങ്ങള്‍ ചേരാനും ഇതിനകം ആഹ്വാനം ചെയ്തുകഴിഞ്ഞു.

Tags:    

Similar News