എ കെ ശശീന്ദ്രന്‍റെ സത്യപ്രതിജ്ഞ ഇന്ന്
നേരത്തെ കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പ് തന്നെയായിരിക്കും എ കെ ശശീന്ദ്രന് ലഭിക്കുക.
എ കെ ശശീന്ദ്രന്‍ മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് അഞ്ച് മണിക്ക് രാജ്ഭവനില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേകവേദിയില്‍ വച്ചാണ് സത്യപ്രതിജ്ഞ. നേരത്തെ കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പ് തന്നെയായിരിക്കും എ കെ ശശീന്ദ്രന് ലഭിക്കുക.
ഫോണ്‍ കെണി വിവാദത്തെ തുടര്‍ന്ന് രാജിവെച്ച എ കെ ശശീന്ദ്രന്‍ 10 മാസത്തിന് ശേഷമാണ് മന്ത്രിസഭയിലേക്ക് തിരിച്ചുവരുന്നത്. കേസില്‍ കോടതി ക്ലീന്‍ ചിറ്റ് നല്‍കിയതോടെയാണ് എന്‍സിപിക്ക് ലഭിച്ച ഏക മന്ത്രിസ്ഥാനത്തേക്ക് പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരില്‍ ഒരാളായ എ കെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്ന് എന്‍സിപി നേതൃത്വം മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടത്. ഘടകകക്ഷി നേതാക്കള്‍ നടത്തിയ ആശയവിനിമയത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തന്നെ സത്യപ്രതിജ്ഞക്ക് ഗവര്‍ണ്ണറുടെ സമയം മുഖ്യമന്ത്രി ചോദിച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ തീരുമാനിച്ചത്.
രാജ്ഭവനില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയില്‍ വച്ച് ഗവര്‍ണ്ണര്‍ പി സദാശിവം എ കെ ശശീന്ദ്രന് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും എംഎല്‍എമാരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.
സത്യപ്രതിജ്ഞക്ക് ശേഷം സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി എ കെ ശശീന്ദ്രന്‍ ചുമതലയേറ്റെടുക്കും. കായല്‍ കയ്യേറ്റ ആരോപണത്തെ തുടര്‍ന്ന് തോമസ് ചാണ്ടി രാജിവെച്ചതോടെയാണ് മന്ത്രിസഭയില്‍ ഒരംഗത്തിന്‍റെ ഒഴിവ് വന്നത്.