ശബരിമലയിലെ സ്ത്രീപ്രവേശം: ഹരജി പരിഗണിക്കുന്ന ബെഞ്ച് സുപ്രിം കോടതി പുന:സംഘടിപ്പിച്ചു
ശബരിമലയിലെ സ്ത്രീപ്രവേശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കുന്ന ബെഞ്ച് സുപ്രിം കോടതി പുന:സംഘടിപ്പിച്ചു.
ശബരിമലയിലെ സ്ത്രീപ്രവേശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കുന്ന ബെഞ്ച് സുപ്രിം കോടതി പുന:സംഘടിപ്പിച്ചു. ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചില്‍ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ഗോപാല്‍ ഗൌഡ എന്നിവരെ പുതുതായി ഉള്‍പ്പെടുത്തി. പുനസംഘടിപ്പിച്ച ബെഞ്ച് ഹരജിയില്‍ തിങ്കളാഴ്ച ആദ്യ വാദം കേള്‍ക്കും.
ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള പ്രവേശ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേര്‍സ് അസോസിയേഷനാണ് സുപ്രിം കോടതിയില്‍ ഹരജി നല്‍കിയിരുന്നത്. ഹരജി ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെ പരിഗണനയിലായിരുന്നു. സ്ത്രീകള്‍ക്ക് പ്രവേശം നിഷേധിക്കുന്നതിനെതിരെ സുപ്രധാനമായ നിരവധി നിരീക്ഷണങ്ങള്‍ നേരത്തെ ഈ രണ്ടംഗ ബെഞ്ച് നടത്തിയിരുന്നു. ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും സമര മുന്നേറ്റങ്ങളും നിയമ പോരാട്ടങ്ങളും വ്യാപകമായ സാഹചര്യത്തില്‍ കൂടുതല്‍ വിപുലമായ ബെഞ്ച് കേസ് പരിഗണിക്കണമെന്ന വിലയരുത്തലിന്റെ അടിസ്ഥാനത്തിലാണ് ശബരിമല കേസിലെ ബെഞ്ച് പുനസ്സംഘടിപ്പിക്കാനുള്ള തീരുമാനം സുപ്രിം കോടതി എടുത്തത്.
ദീപക് മിശ്രയോടൊപ്പം മലയാളിയായ ജസ്റ്റിസ് കുര്യന്‍ ജോസഫിനെയും ജസ്റ്റിസ് ഗോപാല്‍ ഗൌഡയെയും പുതുതായി ഉള്‍പ്പെടുത്തി. പുനസംഘടിപ്പിച്ച ബെഞ്ച് തിങ്കളാഴ്ച ഉച്ചക്ക് ഹരജി ആദ്യമായി പരിഗണിക്കും. അതിനിടെ ശബരിമല തന്ത്രി കണ്ഠരര് രാജീവരര് കേസില്‍ കക്ഷിചേരാനുള്ള അപേക്ഷയുമായി സുപ്രിംകോടതിയെ സമീപിച്ചു.