ക്ഷേമ പെൻഷനിൽ കയ്യിട്ടുവാരിയ സർക്കാർ ഉദ്യോഗസ്ഥർക്ക് എതിരെ വകുപ്പ്തല നടപടികൾക്ക് മാത്രം സാധ്യത

ക്ഷേമ പെൻഷൻ കൈപ്പറ്റുന്നവരിലെ അനർഹരെ കണ്ടെത്താൻ കൂടുതൽ പരിശോധന നടത്താനും ധനവകുപ്പ് തീരുമാനിച്ചു

Update: 2024-11-28 02:15 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിയെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് എതിരായ നടപടികൾ വകുപ്പ് തല നടപടികളിൽ ഒതുങ്ങിയേക്കും. അച്ചടക്ക നടപടികൾ സ്വീകരിക്കാൻ അതാത് വകുപ്പുകളോടാണ് ധനവകുപ്പ് നിർദേശിച്ചിരിക്കുന്നത്. ക്ഷേമ പെൻഷൻ കൈപ്പറ്റുന്നവരിലെ അനർഹരെ കണ്ടെത്താൻ കൂടുതൽ പരിശോധന നടത്താനും ധനവകുപ്പ് തീരുമാനിച്ചു.

അനധികൃതമായി സാമൂഹിക ക്ഷേമ പെൻഷൻ കൈപറ്റിയ 1458 ഉദ്യോഗസ്ഥരുടേയും വിവരങ്ങൾ അവർ ജോലി ചെയ്യുന്ന വകുപ്പുകൾക്ക് ധന വകുപ്പ് കൈമാറിയിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ ആദ്യ ഘട്ടത്തിൽ മേലധികാരികൾ ഉദ്യോഗസ്ഥരോട് വിശദികരണം തേടും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ സർവീസ് ചട്ട പ്രകാരമുള്ള അച്ചടക്ക നടപടികളിലേക്ക് കടക്കും. സർവീസ് ചട്ടങ്ങളുടെ ലംഘനം നടന്നുവെന്ന് സർക്കാർ പരിശോധനയിൽ കണ്ടെത്തിയതിനാൽ വകുപ്പ് തല നടപടി ഉറപ്പായും ഉണ്ടാവും.

പണം പലിശ സഹിതം തിരികെ പിടിക്കണമെന്ന ധനവകുപ്പ് നിർദേശം വേഗത്തിൽ നടപ്പിലാക്കുന്ന രീതിയിൽ ക്രമക്കേട് നടത്തിയ ഒരോ ഉദ്യോഗസ്ഥനെതിരേയും ഉത്തരവുകൾ അതാത് വകുപ്പിൽ നിന്നും ഇതോടൊപ്പം ഇറങ്ങും. നടന്നത് അഴിമതിയാണെന്ന് വ്യക്തമാണെങ്കിലും വകുപ്പ് തല നടപടികളിൽ കാര്യങ്ങൾ അവസാനിപ്പിക്കാനാണ് സർക്കാരിനും താൽപര്യം. അതിനാലാണ് വകുപ്പുകൾ നടപടി സ്വീകരിക്കുമെന്ന നിലപാട് മന്ത്രിമാർ അടക്കമുള്ളവർ വിശദീകരിക്കുന്നത്.

പൊലീസ് അന്വേഷണം അടക്കമുള്ള നടപടികളിലേക്ക് സർക്കാർ കടക്കാത്തതോടെ ക്രമക്കേടിന് കൂട്ടു നിന്നവരും രക്ഷപ്പെടും. തദ്ദേശ സ്ഥാപനങ്ങളുടെ വീഴ്ചകളിലും നടപടികൾ ഉണ്ടാവില്ല. സർക്കാർ ഉദ്യോഗസ്ഥർക്ക് പുറമേ നിലവിലെ പട്ടികയിൽ കൂടുതൽ അനർഹർ കടന്നുകൂടിയിട്ടുണ്ടെന്നും ധനവകുപ്പ് വിലയിരുത്തുന്നുണ്ട്. ഇത്തരക്കാരെ കണ്ടെത്താൻ കൂടുതൽ പരിശോധനകൾ നടത്തും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News