വിഴിഞ്ഞം കരാര്‍; സിഎജി റിപ്പോര്‍ട്ടിനെതിരെ ഉമ്മന്‍ചാണ്ടി എജിക്ക് പരാതി നല്‍കും

Update: 2018-06-02 01:16 GMT
വിഴിഞ്ഞം കരാര്‍; സിഎജി റിപ്പോര്‍ട്ടിനെതിരെ ഉമ്മന്‍ചാണ്ടി എജിക്ക് പരാതി നല്‍കും
Advertising

സിഎജി റിപ്പോര്‍ട്ട് വസ്തുതാപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാകും പരാതി

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ടിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അക്കൗണ്ടന്റ് ജനറലിന് പരാതി നല്‍കും. സിഎജി റിപ്പോര്‍ട്ട് വസ്തുതാപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാകും പരാതി. റിപ്പോര്‍ട്ടില്‍ ബാഹ്യസ്വാധീനം ഉണ്ടോയെന്ന സംശയവും ഉമ്മന്‍ചാണ്ടി പരാതിയില്‍ ഉന്നയിക്കും.

വിഴിഞ്ഞം തുറമുഖ നിര്‍മാണ പദ്ധതിയില്‍ മുന്‍ സര്‍ക്കാര്‍ സംസ്ഥാന താത്പര്യം അട്ടിമറിച്ചുവെന്ന സിഎജി റിപ്പോര്‍ട്ടിനെതിരെയാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അക്കൌണ്ടന്റ് ജനറലിനെ സമീപിക്കുന്നത്. വിശദപഠനം നടത്താതെയും വസ്തുതകള്‍ മനസിലാക്കാതെയുമാണ് സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് പരാതിയില്‍ ഉമ്മന്‍ചാണ്ടി ഉന്നയിക്കും. തുറമുഖ സെക്രട്ടറി ആവശ്യപ്പെട്ടിട്ടും പ്രിന്‍സിപ്പല്‍ എജി ചര്‍ച്ചയ്ക്ക് അവസരം നല്‍കിയില്ല. കൂടാതെ സര്‍ക്കാരിന്റെ വിശദീകരണവും എജി പരിഗണിച്ചില്ല. ഓഡിറ്റ് വിഭാഗത്തിലെ

കണ്‍സല്‍ട്ടന്റിനെതിരെയും ഉമ്മന്‍ചാണ്ടി പരാതി ഉന്നയിക്കും. കണ്‍സല്‍ട്ടന്റായി പ്രവര്‍ത്തിച്ച ആര്‍ തുളസീധരന്‍ പിളള പദ്ധതിയെ വിമര്‍ശിച്ച്കൊണ്ട് രണ്ടു വര്‍ഷം മുന്പ് പ്രമുഖ വാരികയിലെഴുതിയ പരാമര്‍ശങ്ങള്‍ സിഎജി റിപ്പോര്‍ട്ടില്‍ ആവര്‍ത്തിച്ചിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടും. റിപ്പോര്‍ട്ടില്‍ ബാഹ്യ ഇടപെടലുണ്ടായെന്നതിന്റെ തെളിവാണിതെന്ന് അക്കൌണ്ടന്റ് ജനറലിന് നല്‍കുന്ന പരാതിയില്‍ വാദിക്കും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കരാറിനെതിരെ സിഎജി രൂക്ഷവിമര്‍ശമാണ് ഉന്നയിച്ചിരുന്നത്. സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ കരാര്‍ അദാനി ഗ്രൂപ്പിന് വന്‍ലാഭം ഉണ്ടാക്കിക്കൊടുന്നതാണെന്നും കരാര്‍ കേരളത്തിന് സാമ്പത്തികമായി നഷ്ടമാണെന്നുമാണ് സിഎജി നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് തളളിയ ഉമ്മന്‍ചാണ്ടി സിഎജിക്ക് നോട്ടപ്പിശക് പറ്റിയെന്നായിരുന്നു അന്ന് പ്രതികരിച്ചത്.

Tags:    

Similar News